ഇന്‍ഡിഗോയുടെ യാത്രാവിലക്കിനെതിരെ കുനാലിന്റെ നോട്ടീസ്; മാപ്പു പറയണമെന്നും, 25 ലക്ഷം നഷ്ടപരിഹാരം വേണമെന്നും ആവശ്യം

single-img
1 February 2020

ഡല്‍ഹി: ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയ ആറുമാസത്തെ യാത്രാ വിലക്കിനെതിരെ നിയമനടപടി സ്വീകരിച്ച് സ്റ്റാന്‍ന്റ് അപ്പ് കൊമേഡിയന്‍ കുനാല്‍ കാമ്ര. ഇന്‍ഡിഗോ എയര്‍ലൈന്‍സിന് കുനാല്‍ വക്കീല്‍ നോട്ടീസ് അയച്ചു. മാധ്യമപ്രവര്‍ത്തകന്‍ അര്‍ണാബ് ഗോസ്വാമിയെ വിമാനത്തില്‍ വച്ച് അപമാനിച്ചെന്ന പേരിലായിരുന്നു ഇന്ഡിഗോയുടെ വിലക്ക്.

യാത്രാവിലക്ക് എത്രയും പെട്ടെന്ന് നീക്കണമെന്നും, നിരുപാധികം മാപ്പു പറയണമെന്നും കൂടാതെ 25 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.ഇന്‍ഡിഗോയ്ക്ക് പുറമേ എയര്‍ ഇന്ത്യയും സ്‌പൈസ്‌ജെറ്റും ഉള്‍പ്പെടെ നാല് വിമാന കമ്പനികള്‍ കുനാലിനെ വിലക്കിയിരുന്നു.

എന്നാല്‍ സംഭവത്തില്‍ കുനാലിനെ പിന്തുണച്ച് ഇന്‍ഡിഗോ വിമാനത്തിന്റെ പൈലറ്റ് അടക്കം നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജ് മാര്‍ക്കണ്ഡേയ കഠ്ജുവും കുനാലിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

താനുമൊന്നിച്ച് യാത്ര ചെയ്തിരുന്നെങ്കില്‍ ഇതിലും രൂക്ഷമായ ചോദ്യങ്ങള്‍ അര്‍ണാബിന് നേരിടേണ്ടി വന്നേനെയെന്നാണ് കഠ്ജു പറഞ്ഞത്. നിങ്ങള്‍ ഭീരുവാണോ, മാധ്യമപ്രവര്‍ത്തകനാണോ, ദേശീയവാദിയാണോയെന്ന് പ്രോക്ഷകര്‍ക്ക് അറിയിണമെന്നായിരുന്നു കുനാലിന്റെ ചോദ്യം.