പതിറ്റാണ്ടുകൾ പ്രായമുള്ള വൻ മരങ്ങൾ രാസവസ്തു ഉപയോഗിച്ച് ഉണക്കി; ഇടുക്കിയിൽ സ്ഥലം ഉടമയും ജോലിക്കാരനും പിടിയിൽ

single-img
31 January 2020

ഇടുക്കി ജില്ലയിലെ പൂപ്പാറ തോണ്ടിമലയിലെ ഏലത്തോട്ടത്തിൽ പതിറ്റാണ്ടുകൾ പ്രായമുള്ള വൻ മരങ്ങൾ രാസവസ്തു ഉപയോഗിച്ച് ഉണക്കിയ കേസിൽ എൻജിനീയറിങ് ബിരുദധാരിയായ സ്ഥലം ഉടമയെയും ജോലിക്കാരനെയും വനം വകുപ്പ് അറസ്റ്റ് ചെയ്തു. സ്ഥലം ഉടമയായ വൈകുണ്ഡ വാസകൻ(48), ജോലിക്കാരൻ എസ്റ്റേറ്റ് പൂപ്പാറ മാഞ്ചൂട്ടാൻചോലയിൽ മോഹനൻ(48) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലയിലെ മതികെട്ടാൻചോലയുടെ സമീപമുള്ള 9 ഏക്കർ ഏലത്തോട്ടത്തിലുണ്ടായിരുന്ന ചോരക്കാലി, വെടിപ്ലാവ് ഉൾപ്പെടെ ഉള്ള വൻമരങ്ങളും മറ്റ് പാഴ്‌ മരങ്ങളും രാസവസ്തു ഉപയോഗിച്ച് ഉണക്കാൻ ശ്രമം നടന്നത്.

ഇവിടെ വ്യാപകമായി മരങ്ങൾ ഉണങ്ങുന്നത് ശ്രദ്ധയിൽ പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തിയപ്പോൾ മരങ്ങളിൽ സുഷിരങ്ങൾ ഉണ്ടാക്കി അതിനുള്ളിൽ ഗ്ലൈസൽ എന്ന രാസ വസ്തു ഒഴിചുണക്കിയതായി കണ്ടെത്തിയത്.

സംഭവത്തിൽ സ്ഥലം ഉടമയായ വൈകുണ്ഡ വാസകനെ ഒരാഴ്ച മുൻപ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും തുടർന്ന് റിമാൻഡ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് വേണ്ടി വനം വകുപ്പ് കസ്റ്റഡിയിൽ വാങ്ങി വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവം നടന്ന ശേഷം ഒളിവിൽ പോയ ജോലിക്കാരൻ മോഹനനെ ഇന്നലെ ആണ് പൂപ്പാറയിൽ നിന്നും പിടി കൂടിയത്.

ഇന്ന് നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ മോഹനനെ റിമാൻഡ് ചെയ്തു. തോട്ടത്തിലെ തണൽ‍ ക്രമീകരിക്കുന്നതിനു വേണ്ടി മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കാറുണ്ട്.9 ഏക്കർ വരുന്ന ഭൂമിയിൽ നിന്നും മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കാൻ പണിക്കൂലി ഇനത്തിൽ വൻ തുക ചെലവാകും. അതുകൊണ്ടു തന്നെ ശിഖരങ്ങൾ മുറിച്ചു നീക്കാതെ മരങ്ങൾ ഉണക്കിയാൽ തണൽ ക്രമീകരിക്കാൻ കഴിയും എന്ന് തെറ്റിദ്ധരിച്ചാണ് മരങ്ങൾ രാസവസ്തു ഉപയോഗിച്ച് ഉണക്കിയത് എന്നാണ് പ്രതികൾ പറഞ്ഞത്.

തോട്ടത്തിലെ നൂറിൽ അധികം മരങ്ങൾ ഇങ്ങനെ ഉണക്കിയതായി പ്രദേശവാസികൾ പറഞ്ഞു. പകുതിയിലധികം ഉണങ്ങിയ മരങ്ങളുടെ ചുവട്ടിൽ വെള്ളം ഒഴിച്ച് മരം ഉണങ്ങാതിരിക്കാൻ വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.