മോദി എന്റെയും പ്രധാനമന്ത്രി; ഡല്‍ഹി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യം; പാക് മന്ത്രിയോട് കെജ്രിവാള്‍

single-img
31 January 2020

ഡൽഹിയിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അഭിപ്രായം പറയുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്ത പാകിസ്ഥാന്‍ മന്ത്രി ചൗധരി ഫവദ് ഹുസൈന് മറുപടി നൽകി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നതിന് പുറമെ പ്രധാനമന്ത്രി മോദി തന്റെയും പ്രധാനമന്ത്രിയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

‘നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെയും പ്രധാനമന്ത്രിയാണ്. ഡല്‍ഹിയിലെ തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഭീകരവാദത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ സംഘാടകര്‍ ഇതില്‍ ഇടപെടുന്നത് അംഗീകരിക്കില്ല’, കെജ്രിവാള്‍ വ്യപറഞ്ഞു. മാത്രമല്ല, പാകിസ്ഥാന്‍ എത്രയൊക്കെ ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തെ തകര്‍ക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘മോദിയുടെ ഭ്രാന്തിനെ ഇന്ത്യയിലെ ജനങ്ങള്‍ തോല്‍പ്പിക്കണം. ഡല്‍ഹിയിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഭയന്ന് വിഡ്ഢിത്തരങ്ങളും, ഭീഷണികളും മുഴക്കുകയാണ് മോദി. കശ്മീര്‍ വിഷയം, പൗരത്വ നിയമങ്ങള്‍, തകരുന്ന സമ്പദ് വ്യവസ്ഥ എന്നിവയില്‍ ആഭ്യന്തര, വിദേശ പ്രതികരണങ്ങളില്‍ സമനില തെറ്റിയിരിക്കുകയാണ്’, ഫവദ് ഹുസൈന്‍ പരിഹസിക്കുകയുണ്ടായി. പാക് മന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് എതിരെയാണ് മോദിയുടെ ഏറ്റവും വലിയ വിമര്‍ശകനും, എതിരാളിയുമായ കെജ്രിവാള്‍ രംഗത്ത് വന്നത്.