ജാമിയയിൽ വെടിയുതിര്‍ത്തയാള്‍ക്ക് പശ്ചാത്താപവും കുറ്റബോധവും ഇല്ല എന്ന് പോലീസ്

single-img
31 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വനിമഭേദഗതിക്കെതിരെ ജാമിയ മിലിയയില്‍ നടന്ന പ്രതിഷേധത്തിനിടെ വെടിയുതിര്‍ത്തയാള്‍ക്ക് തന്റെ പ്രവൃത്തിയിൽ യാതൊരു പശ്ചാത്താപവുമില്ലെന്ന് പോലീസ്. ‘ അവൻ ചെയ്ത നടപടിയില്‍ അവന് യാതൊരു കുറ്റബോധവുമില്ല’ എന്ന് പോലീസ് വ്യക്തമാക്കി. സോഷ്യൽ മീഡിയയായ വാട്സ്ആപ്പില്‍ വരുന്ന വീഡിയോകളും ഫേസ്ബുക്ക് ടെലിവിഷനുമാണ് ഇയാളെ സ്വാധീനിച്ചതെന്നും ഡൽഹി പോലീസ് പറയുന്നു.

കേന്ദ്ര സർക്കാരിന്റെ പൗരത്വനിയമഭേദഗതിയില്‍ ശക്തമായ പ്രതിഷേധം നടന്നുകൊണ്ടിരിക്കുന്ന ഷഹീന്‍ ബാഗില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് 17കാരനായ ഇയാള്‍ ശ്രമിച്ചത്. ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഷഹീന്‍ ബാഗില്‍ ദിവസങ്ങളായി പ്രതിഷേധിക്കുന്നത്. ഇതുമൂലം ദില്ലിയില്‍ കനത്ത ഗതാഗത തടസ്സമാണ് നേരിടുന്നത്.

”അയാൾക്ക് ഷഹീന്‍ ബാഗിലേക്കുള്ള വഴിയറിയില്ലായിരുന്നു. ഇടയ്ക്ക് കണ്ടുമുട്ടിയ ഒരു ഓട്ടോ ഡ്രൈവര്‍ അയാളെ ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് സമീപം എത്തിച്ചു. ആ സമയം അവിടെ റോഡ് അടച്ചതിനാല്‍ ഷഹീന്‍ ബാഗിലേക്ക് പോകാനാകില്ലെന്ന് അറിയിച്ചു. നടന്നുപോകാനും പറഞ്ഞു.” – പൊലീസ് വ്യക്തമാക്കി.