ഇസ്‌ലാമിനെയും ടിപ്പുസുല്‍ത്താനെകുറിച്ചും വിവാദ പരാമര്‍ശം; മാപ്പ് പറഞ്ഞ് ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍

single-img
31 January 2020

മുസ്ലിം മതത്തിനെയും ടിപ്പുസുല്‍ത്താനെകുറിച്ചും നടത്തിയ തന്റെ വിവാദ പരാമര്‍ശത്തില്‍ മാപ്പപേക്ഷയുമായി കാപ്പിപൊടിയച്ചന്‍ എന്നറിയപ്പെടുന്ന ഫാദര്‍ ജോസഫ് പുത്തന്‍പുരക്കല്‍. കേരളത്തിലെ കപ്പൂച്ചിന്‍ സഭയിലെ സുവിഷേകനായ ഇദ്ദേഹം കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയിലൂടെയാണ് പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചത്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമഭേദഗതിയുടെ പേരില്‍ രാജ്യത്തെ മുസ്‌ലീങ്ങള്‍ക്ക്നേരെ അനീതി നടക്കുന്നുണ്ടെങ്കിലും അതിന്റെ മറുവശം കൂടി നമ്മള്‍ ഓര്‍ക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫാദര്‍ ടിപ്പുസുല്‍ത്താനിലേക്ക് എത്തുന്നത്. ടിപ്പു സുൽത്താൻ ബ്രിട്ടീഷ് ഭരണത്തിലെ തന്റെ കേരളത്തിലെ പടയോട്ട കാലത്ത് നടത്തിയെന്ന് പറയപ്പെടുന്ന പല ക്രൂരകൃത്യങ്ങളെകുറിച്ചും ഫാദര്‍ തന്റെ പ്രഭാഷണത്തില്‍ പറയുന്നുണ്ടായിരുന്നു.

പരാമർശങ്ങൾ വിവാദമായതോടെ താന്‍ ഉദ്ദേശിക്കാത്ത തരത്തിലാണ് ആ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നതെന്ന് പറഞ്ഞ് ജോസഫ് പുത്തന്‍പുരക്കല്‍ മുന്നോട്ടുവരികയായിരുന്നു. ‘ഞാൻ ഇസ്ലാം മതത്തെ എതിര്‍ക്കുന്നില്ല, അതിനെ വിമര്‍ശിക്കാന്‍ ഉദ്ദേശിച്ചിട്ടുമില്ല. ഒരിക്കലും ഉദ്ദേശിക്കാത്ത തരത്തിലാണ് ആ പ്രസംഗത്തിന്റെ വീഡിയോ പ്രചരിക്കുന്നത്.’ – അദ്ദേഹം പറഞ്ഞു.

അതേപോലെ തന്ന തന്റെ പ്രസംഗത്തില്‍ ടിപ്പു സുല്‍ത്താനെ കുറിച്ച് പറഞ്ഞ സന്ദര്‍ഭത്തില്‍ തിയതി മാറിപ്പോയിട്ടുണ്ടെന്നും ഒരു സ്വകാര്യ ചടങ്ങായതിനാലാണ് താന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന വാദവും ഇദ്ദേഹം ഉയർത്തി. ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യുന്ന ലവ് ജിഹാദ്, നൈജീരിയായിലെ ക്രൈസ്തവരുടെ കൂട്ടക്കൊല, മറ്റു ചില രാജ്യങ്ങളിലെ ക്രൈസ്തവരെ കൊന്നൊടുക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ പങ്കുവെച്ച ചിന്തകളായിരുന്നു പ്രസംഗം.

എന്നാൽ ഇതിലെ ചില പരാമര്‍ശങ്ങള്‍ ഒരുപാട് പേരെ വേദനിപ്പിച്ചെന്ന് മനസിലായി. താൻ അതില്‍ നിര്‍വാജ്യം ക്ഷമ ചോദിക്കുന്നുവെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും ജോസഫ് പുത്തന്‍പുരയ്ക്കല്‍ പറഞ്ഞു. ആരെയും മനപ്പൂര്‍വമായി വേദനിപ്പിക്കാനായിരുന്നില്ല ആ പ്രസംഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.