ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റാന്‍ ദല്‍ഹിയില്‍ ആം ആദ്മിയുമായി സഖ്യം പരിഗണിക്കുമെന്ന് കോണ്‍ഗ്രസ്

single-img
31 January 2020

ന്യൂദല്‍ഹി: ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ആവശ്യമെന്ന് കണ്ടാല്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലെത്തുന്ന കാര്യം പരിഗണിക്കുമെന്ന് കോണ്‍ഗ്രസ്.
സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ആംആദ്മിയുമായുള്ള പാര്‍ട്ടിയുടെ സഖ്യസന്നദ്ധത വ്യക്തമാക്കിയത്.

ദല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് അധികാരത്തിലേറുമെന്ന് തന്നെയാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. തെരഞ്ഞെടുപ്പ് ഫലം മറിച്ചാണെങ്കില്‍ ആംആദ്മി പാര്‍ട്ടിയുമായി സഖ്യം ഉണ്ടാക്കുന്നത് പരിഗണിക്കും. ബിജെപിയെ ഏത് വിധേനെയും അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്തുകയെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമെന്നും പിസി ചാക്കോ പറഞ്ഞു.

ദല്‍ഹിയില്‍ കഴിഞ്ഞ തവണ മൂന്നു സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ ഇത്തവണ 15 മുതല്‍ 20 സീറ്റ് വരെ ബിജെപ്പിക്ക് പല സര്‍വ്വേകളും പ്രവചിക്കുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്താന്‍ ആംആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യസാധ്യത പരിഗണിക്കുമെന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.