എംടി രമേശ് പങ്കെടുത്ത ജനജാഗരണ സദസ്; കടകൾ അടയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

single-img
31 January 2020

കോട്ടയം ജില്ലയിലെ ചങ്ങനാശേരിയില്‍ ബിജെപി നടത്തുന്ന ജനജാഗരണ സദസിനെതിരെ കടയടക്കല്‍ ആഹ്വാനം നടത്തിയ പൌരത്വവേദി പ്രവര്‍ത്തകരായ അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കരുതൽ തടങ്കൽ എന്നപേരിൽ കസ്റ്റഡിയിൽ എടുത്ത ഇവരെ പിന്നീട് വിട്ടയച്ചെങ്കിലും ഒരു വിഭാഗം വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിച്ചു.

കേന്ദ്ര സർക്കാരിന്റെ പൌരത്വ നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്ന പ്രദേശങ്ങളില്‍ ഒന്നായതിനാലാണ് ചെങ്ങനാശേരിയിൽ ബിജെപി പൌരത്വ നിയമത്തെ അനുകൂലിച്ച് എംടി രമേശ് പങ്കെടുക്കുന്ന ജനജാഗരണ സദസ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.

പക്ഷെ ബിജെപിയുടെ പരിപാടിക്കെതിരെ കടകള്‍ അടച്ച് പ്രതിഷേധിക്കാന്‍ ഒരുവിഭാഗം വ്യാപാരികള്‍ തീരുമാനിച്ചു. മറ്റുള്ള കച്ചവടക്കാരോടും ഈ കാര്യം അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് ചങ്ങനാശേരി പോലീസ് എത്തി 5 പേരെ കസ്റ്റഡിയില്‍ എടുത്തത്.

പ്രദേശത്തെ അഷ്‌റഫ്, സുനില്‍, ഈസ, ഷിജു, സിറാജ് എന്നിവരെ കരുതല്‍ തടങ്കല്‍ എന്ന പേരിലാണ് അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂറോളം സ്റ്റേഷനില്‍ ഇരുത്തിയ ഇവരെ പിന്നീട് വിട്ടയക്കുകയായിരുന്നു.