സ്വദേശിവത്​കരണം ശക്തമാക്കാന്‍ പുതിയ 20 പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി

single-img
30 January 2020

സൗദി രാജ്യത്തെ സ്വകാര്യ മേഖലയിൽ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇരുപതു പുതിയ പദ്ധതികൾ നടപ്പാക്കുമെന്ന് അറിയിച്ചു. സൗദി സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനും സൗദിവത്കരണത്തിലും തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും സ്വകാര്യ സ്ഥാപനങ്ങൾ തമ്മിൽ മത്സരം ഉയർത്തുന്നതിനും സഹായകമാകും വിധമാണ് പദ്ധതി നടപ്പാക്കുക എന്നാണ് സൗദി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പുറപ്പെടുവിച്ച അറിയിപ്പിൽ ഉള്ളത്.

രാജ്യത്തെ സ്വകാര്യമേഖലയെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ച് ശിൽപശാലകൾ സംഘടിപ്പിച്ചതിന്റെയും അതുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായും വിദഗ്ധരുമായും പ്രത്യേക കമ്മിറ്റികളുമായും നടത്തിയ കൂടിക്കാഴ്ചകളുടെയും ഫലമായാണ് ഈ പദ്ധതികൾ മന്ത്രാലയം ആവിഷ്‌കരിച്ചത്.

‘വിഷൻ 2030’ എന്ന് പേരുള്ള പദ്ധതി ലക്ഷ്യങ്ങൾക്കനുസൃതമായി ദേശീയ സാമ്പത്തിക വികസനത്തിൽ സ്വദേശികളുടെ പങ്കാളിത്തം ഉയർത്തുന്നതിന് നേരത്തെ പ്രഖ്യാപിച്ച പദ്ധതികളുടെ തുടർച്ചയാണ് പുതിയ പദ്ധതികൾ. ഇതുപ്രകാരം റിക്രൂട്ട്‌മെന്റ് നയങ്ങളും സംവിധാനങ്ങളും പരിഷ്‌കരിക്കൽ, ഉദ്യോഗാർഥികളുടെയും സൗദി ജീവനക്കാരുടെയും നൈപുണ്യ വികസനം, കരിയർ ഗൈഡൻസ് നൽകി ജീവനക്കാർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണകളും നൽകൽ എന്നിവയെല്ലാം ഉൾപ്പെടും.