കേരളത്തിൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു: രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമായി

single-img
30 January 2020

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനയിലെ വുഹാന്‍ സർവ്വകലാശാലയിൽ നിന്നെത്തിയ വിദ്യാര്‍ഥിനിക്കാണ് രോഗം.

രോഗിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗിയുടെ ആരോഗ്യനില ഗുരുതരമല്ല. രോഗം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്.

കേരളത്തെ വിവരം അറിയിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് 806 പേരാണ്. ആശുപത്രിയില്‍ പത്തുപേരാണ് നിരീക്ഷണത്തിലുള്ളത്.

കേന്ദ്രസർക്കാർ തന്നെ ഇക്കാര്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ തിരുവനന്തപുരത്ത് ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരടക്കം യോഗത്തിൽ പങ്കെടുക്കും. മൂന്ന് മണിയോടെ ആരോഗ്യമന്ത്രി വാർത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഈ വാർത്താ സമ്മേളനത്തിൽ വിശദീകരിക്കും എന്നാണ് പ്രതീക്ഷ.

ആരോഗ്യമന്ത്രി അൽപസമയത്തിനകം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. എന്തെല്ലാം നടപടികൾ സ്വീകരിച്ചുവെന്നതിനെക്കുറിച്ചും, ഇനിയെന്ത് നടപടികളാണ് സ്വീകരിക്കാനിരിക്കുന്നത് എന്നതിനെക്കുറിച്ചും വിശദീകരിക്കും.