കൊറോണ: കേരളത്തില്‍ പരിഭ്രമിക്കേണ്ട സാഹചര്യമില്ല: കേന്ദ്ര ആരോഗ്യമന്ത്രി

single-img
30 January 2020

കേരളത്തിൽ ഒരു വിദ്യാര്‍ത്ഥിക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചെങ്കിലും നിലവിൽ പരിഭ്രമിക്കേണ്ട സാഹചര്യം കേരളത്തില്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. സാധ്യമാകുന്ന എല്ലാ രീതിയിലും കേന്ദ്രം വിഷയത്തിൽ ഇടപെടുമെന്നുംഅദ്ദേഹം അറിയിച്ചു. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കര്‍ശന നിരീക്ഷണം നടത്തുന്നതായും പ്രതിരോധ നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

911123978046 എന്ന കേന്ദ്രസര്‍ക്കാരിന്‍റെ കണ്‍ട്രോള്‍ റൂം നമ്പരിൽ രോഗവുമായി ബന്ധപ്പെട്ട എന്ത് ആവശ്യത്തിനും ബന്ധപ്പെടാം. കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍സംസ്ഥാനത്താകെ ജാഗ്രത തുടരുകയാണ്. രോഗം ബാധിച്ച വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ഇപ്പോൾ തൃശ്ശൂര്‍ ജനറല്‍ ആശുപത്രി ഐസൊലേഷന്‍ വാര്‍ഡിലാണ് വിദ്യാര്‍ത്ഥിനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഉടൻ തന്നെ മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡ് സ്ഥാപിച്ച് വിദ്യാര്‍ത്ഥിനിയെ അവിടേക്ക് മാറ്റും. ഇതിനുള്ള എല്ലാ ഒരുക്കുങ്ങളും നടത്തിയതായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി.