വ്യാജ വീഡിയോ; അമിത്ഷായ്‌ക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കാനൊരുങ്ങി സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍

single-img
30 January 2020

രാജ്യ തലസ്ഥാനമായ ഡൽഹിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കൂട്ടികളുടെ മാതാപിതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കാന്‍ തീരുമാനിച്ചെന്ന് ആംആദ്മി പാര്‍ട്ടി രാജ്യസഭാംഗം സഞ്ജയ് സിങ്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളെ കുറിച്ച് അമിത്ഷായും മറ്റ് ബിജെപി നേതാക്കളും പ്രചരിപ്പിച്ച വ്യാജ വീഡിയോ കണ്ട് വേദനിച്ച മാതാപിതാക്കളാണ് കേസ് നല്‍കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.

വ്യാജമായി ഉണ്ടാക്കിയ വീഡിയോകളിലൂടെ ബിജെപി സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയുമാണ് അപമാനിച്ചിരിക്കുന്നതെന്ന് സഞ്ജയ് സിങ് പറഞ്ഞു. അമിത് ഷായ്‌ക്കെതിരെ മാനനഷ്ടക്കേസ് നല്‍കാനുള്ള നടപടികള്‍ നാളെ ആരംഭിക്കുമെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. അടുത്തുവരുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. തൃണമൂലിന്റെ ദേശീയ വക്താവ് ഡെറക് ഒബ്രയാനാണ് പാര്‍ട്ടി നിലപാട് വ്യക്തമാക്കി വീഡിയോ പുറത്തുവിട്ടത്.