ഒരു മന്ത്രിക്ക് ഭരിക്കാന്‍ വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ല; പണിയെടുക്കാന്‍ സെക്രട്ടറിയും സ്റ്റാഫുകളുമുണ്ടല്ലോ: യുപി ജയില്‍ മന്ത്രി

single-img
29 January 2020

ഭരണം നിർവഹിക്കാൻ ഒരു മന്ത്രിക്ക് വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്ന് യുപി ജയില്‍ മന്ത്രി ജെകെ സിങ് ജൈകി. അതിനായി പണിയെടുക്കാന്‍ മന്ത്രിക്ക് കീഴില്‍ സെക്രട്ടറിയും സ്റ്റാഫുകളുമുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ‘മന്ത്രിമാര്‍ പഠിക്കേണ്ടതില്ല. ഞാനും ഒരു മന്ത്രിയാണ്. എന്റെ കീഴില്‍ സെക്രട്ടറിയും സ്റ്റാഫുകളുമുണ്ട്. എനിക്ക് സംസ്ഥാനത്തെ ജയില്‍ നടത്തിക്കൊണ്ടു പോകേണ്ട ആവശ്യമൊന്നുമില്ല.
അവിടെ ജയിലിലെ ഉദ്യോഗസ്ഥരും ജയിലറും ചേര്‍ന്ന് പണിയെടുത്തോളും,’ മന്ത്രി പറഞ്ഞു.

അതുപോലെ തന്നെ നമ്മുടെ സമൂഹത്തിലെ വിദ്യാസമ്പന്നരായവര്‍ വിദ്യാഭ്യാസമില്ലാത്തവരെക്കുറിച്ച് തെറ്റായ ധാരണവെച്ചു പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുപിയിലെ സേത് റാം ഗുലാം പട്ടേല്‍ മെമോറിയല്‍ ഇന്റേര്‍ണ്‍ കോളെജില്‍ വെച്ച് നടന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് മന്ത്രിയുടെ വിവാദമായ പരാമര്‍ശം.

‘സാധാരണയായി നമ്മുടെ സമൂഹം ഡോക്ടര്‍മാരെ പോലെയും എന്‍ജിനിയര്‍മാരെ പോലെയും ഉള്ളവര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസമുള്ള രാഷ്ട്രീയനേതാക്കളെക്കുറിച്ച് സാധാരണ സംസാരിക്കാറ് അവര്‍ക്ക് കാര്യങ്ങളെങ്ങനെ നടത്തിക്കൊണ്ടു പോകണമെന്ന് അറിയില്ലെന്നാണ്. എന്നാൽ ഇവിടെ വിദ്യാഭ്യാസമില്ലാത്ത ആളുകള്‍ വിദ്യാഭ്യാസമുള്ളവരെ ഭരിക്കുകയാണ് ചെയ്യുന്നതെന്നും ഇവര്‍ പറയുന്നു,’ മന്ത്രി പറഞ്ഞു.