ദിലീപ് തെറ്റായ വാദങ്ങളുമായി വിചാരണ തടസപ്പെടുത്താന്‍ ശ്രമിക്കുന്നു; സര്‍ക്കാര്‍ ഹൈക്കോടതിയിൽ

single-img
29 January 2020

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഒന്നാംപ്രതി പൾസര്‍ സുനി ജയിലിൽ നിന്ന് ദിലീപിനെ ഫോണിൽ വിളിച്ചത് തനിക്ക് ദിലീപിന് നിന്നും കരാർ പ്രകാരമുള്ള പണം ലഭിക്കാനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ. ഈ വിഷയത്തിൽ ദിലീപ് തെറ്റായ വാദമുയര്‍ത്തി വിചാരണ തടസ്സപ്പെടുത്താൻ ശ്രമിക്കുകയാണെന്നും സര്‍ക്കാര്‍ കുറ്റപ്പെടുത്തി.

പോലീസ് തയ്യാറാക്കിയകുറ്റപത്രത്തിൽ ജയിലിൽ നിന്ന് ഒന്നാം പ്രതി തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയ ഭാഗമുണ്ട്. അതിൽ ഇര താനാണെന്നും കേസ് രണ്ടും പ്രത്യേകം പരിഗണിക്കണം എന്നുമായിരുന്നു ദിലീപിന്റെ ആവശ്യം. പക്ഷെ ഈ ഫോൺ വിളി ഭീഷണിയായിരുന്നില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്.

ഇത് കേസിലെ പ്രധാനപ്പെട്ട ഗൂഢാലോചനയുടെ ഭാഗമാണെന്നും ഇതില്‍ പ്രത്യേക വിചാരണ വേണ്ടെന്നും പ്രൊസിക്യുഷൻ പറഞ്ഞു.അതേസമയം പോലീസ് കോടതിയിൽ സമര്‍പ്പിച്ച അന്തിമ റിപ്പോ‍ര്‍ട്ടില്‍ ദിലീപിനെ പള്‍സര്‍ സുനി വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന ഭാഗം ഉണ്ടായിരുന്നില്ല. പിന്നീട് കോടതി കുറ്റം ചുമത്തി കുറ്റപത്രം തയ്യാറാക്കിയപ്പോൾ സംഭവിച്ച സാങ്കേതിക പിഴവാണ് ഒന്നാം പ്രതി ദിലീപിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നതെന്നും പ്രോസിക്യുഷൻ പറഞ്ഞു.

ഈ തെറ്റ് ഒന്നുകിൽ കോടതിക്ക് സ്വമേധയാ തിരുത്താം, അല്ലെങ്കിൽ കേരളാ സര്‍ക്കാരോ, അന്വേഷണ സംഘമോ ഇതിനായി കോടതിയിൽ അപേക്ഷ സമര്‍പ്പിക്കുമെന്നും പ്രോസിക്യുഷൻ അറിയിക്കുകയായിരുന്നു. അതേപോലെ തന്നെ ദിലീപിനെ സുനിൽ ഭീഷണിപ്പെടുത്തിയതിന് പോലീസ് കേസ് ഇല്ലെന്ന് സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി.

നടിയെ ആക്രമിക്കാൻ പിന്നിൽ നടത്തിയ ഗൂഢാലോചനയുടെ തുടർച്ച മാത്രമാണ് ജയിലിൽ നിന്നുള്ള ഫോൺവിളിയെന്നും സര്‍ക്കാര്‍ വാദിച്ചു. ജയിലിൽ നിന്നും പള്‍സര്‍ സുനി ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതിന് ദിലീപ്, ഡിജിപിക്ക് പരാതി നല്‍കിയിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ഇത് അന്വേഷണത്തെ വഴിതിരിച്ചു വിടാൻ നൽകിയ പരാതി ആണെന്ന് സർക്കാർ അഭിഭാഷകൻ വിശദീകരിച്ചു.