റിപ്പബ്ലിക് ദിനത്തില്‍ സ്കൂള്‍ കുട്ടികള്‍ക്ക് സവര്‍ക്കറുടെ അമര്‍ ചിത്രകഥ സമ്മാനമായി നല്‍കി ഖത്തര്‍ ഇന്ത്യന്‍ എംബസി

single-img
29 January 2020

ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തില്‍ഖത്തറിലെ കുട്ടികള്‍ക്ക് സമ്മാനമായി വിഡി സവര്‍ക്കറുടെ അമര്‍ ചിത്രകഥ നല്‍കി ഇന്ത്യന്‍ എംബസി. ഖത്തറിലെ വെസ്റ്റ്‌ബേയിലെ ഇന്ത്യന്‍ എംബസി പരിസരത്ത് നടന്ന എഴുപത്തിയൊന്നാമത് റിപ്പബ്ലിക് ദിനാചരണ പരിപാടിക്ക് ശേഷമാണ് ഗാന്ധി വധത്തില്‍ കുറ്റാരോപിതനായ സവര്‍ക്കറെ കുറിച്ചുള്ള ചിത്രക്കഥ സമ്മാനമായി എംബസി നല്‍കിയത്. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി
ദേശഭക്തി ഗാനവും ദേശീയഗാനവും അവതരിപ്പിക്കാനെത്തിയ വിവിധ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് എംബസി സവര്‍ക്കറെ കുറിച്ചുള്ള ചിത്രക്കഥ നല്‍കിയത്.

ഈ സമ്മാനദാനം നടക്കുമ്പോള്‍ ചടങ്ങില്‍ ഇന്ത്യന്‍ അംബാസിഡറും വിവിധ കമ്മ്യൂണിറ്റി നേതാക്കളും എംബസി ഉന്നതതല പ്രതിനിധികളും പങ്കെടുത്തിരുന്നു. ഒരു വശത്തില്‍ ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ ചിത്രവും വിലാസവും മറു ഭാഗത്ത് മെയ്ക് ഇന്‍ ഇന്ത്യാ എന്നും രേഖപ്പെടുത്തിയ കവറിലാണ് കുട്ടികള്‍ പുസ്തകം നല്‍കിയത്. ‘വീര്‍ സവര്‍ക്കര്‍, ദി ഫൗട്ട് ഫോര്‍ ഹ്യൂമന്‍ ഡിഗ്‌നിറ്റി ആന്റ് ഫ്രീഡം’ എന്നാണ് പുസ്തകത്തിന്റെ പേര്.

റിപ്പബ്ലിക് ദിനത്തില്‍ കുട്ടികള്‍ക്ക് നല്‍കാന്‍ ഡല്‍ഹിയില്‍ നിന്ന് പുസ്തകങ്ങള്‍ ഓര്‍ഡര്‍ നല്‍കിയിരുന്നുവെന്നും
എന്നാല്‍ സമയമായപ്പോള്‍ അവയില്‍ ചിലത് മാത്രമേ എത്തിയിരുന്നുള്ളൂവെന്നും തികയാതെ വന്നപ്പോള്‍ ഉണ്ടായിരുന്ന ചില പുസ്തകങ്ങള്‍ കൈമാറുകയായിരുന്നുവെന്നുമാണ് എംബസി അധികൃതര്‍ വ്യക്തമാക്കിയത്.