ഗവര്‍ണറുടെ വ്യക്തിപരമായ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായി ഉണ്ടാകില്ല: സ്പീക്കര്‍

single-img
29 January 2020

കേരളാ നിയമസഭയിൽ പൗരത്വഭേദഗതി സംബന്ധിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ വ്യക്തിപരമായ വിരുദ്ധ പരാമര്‍ശം നയപ്രഖ്യാപന പ്രസംഗത്തിന്റെ ഭാഗമായി ഉണ്ടാകില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ . ഗവർണർക്കെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധം നിർഭാഗ്യകരമാണ് എന്നും പ്രതിപക്ഷത്തെ എം എൽ എ മാരെ കൈയേറ്റം ചെയ്തെന്ന ആരോപണം പരാതി കിട്ടിയാൽ പരിശോധിക്കുമെന്നും സ്പീക്കര്‍ അറിയിച്ചു.

നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ പ്രതിപക്ഷ പ്രതിഷേധം സാധാരണഗതിയില്‍ ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഗവര്‍ണറുടെ വിരുദ്ധമായ പരാമര്‍ശം സഭാ രേഖകളിൽ ഉൾപ്പെടുമോയെന്ന് പരിശോധിക്കും. അതേസമയം തന്നെ വിയോജിപ്പ് രേഖയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഗവർണർ കത്ത് നൽകുന്നത് കീഴ്വഴക്കമല്ല എന്നും സ്പീക്കർ പറഞ്ഞു.

പ്രതിപക്ഷം കൊണ്ടുവന്ന ഗവർണർക്കെതിരായ പ്രമേയം സംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി തീരുമാനമെടുക്കും. ഈ പ്രമേയത്തിന് ഇരുവരെ സമയം അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സമയം അനുവദിക്കാത്ത പ്രമേയ പട്ടികയിലാണ് ഇപ്പോൾ അത് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞു.