പൗരത്വ ഭേദഗതി നിയമം; കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി എംഎല്‍എ

single-img
29 January 2020

ഭോപ്പാല്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിമര്‍ശനവുമായി ബിജെപി എംഎല്‍എ. മധ്യപ്രദേശിലെ മെയ്ഹറില്‍ നിന്നുമുള്ള ബിജെപി എംഎല്‍എയായ നാരായണ്‍ ത്രിപാഠിയാണ് കേന്ദ്രത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്.മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കരുതെന്ന് നാരായണ്‍ ത്രിപാഠി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അംബേദ്കറുടെ ഭരണഘടന പിന്തുടരാന്‍ തയ്യാറാകണം അല്ലാത്തപക്ഷം ഭരണഘടന കീറിയെറിയണം. വോട്ടുബാങ്കിനെ ലക്ഷ്യമിട്ടാണ് പൗരത്വ ഭേദഗതി കൊണ്ടുവരുന്നത്. രാജ്യത്ത് കലാപം സൃഷ്ടിക്കാനേ നിയമം സഹായിക്കൂ.ത്രിപാഠി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിന് രണ്ട് ആശയം പാടില്ല.ഒന്നുകില്‍ ഭരണഘടന അല്ലെങ്കില്‍ ബിജെപി ആശയങ്ങള്‍ ആകണം മുറുകെപ്പിടിക്കേണ്ടത്.രാജ്യത്ത് കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് നല്ലതിനല്ല എന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് നിയമത്തെ എതിര്‍ക്കുന്നതെന്നും ത്രിപാഠി കൂട്ടിച്ചേര്‍ത്തു.