പ്രണയാഭ്യര്‍ത്ഥനയുമായി ശല്യപ്പെടുത്തി; യുവാവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച് യുവതി

single-img
28 January 2020

പ്രണയാഭ്യര്‍ത്ഥനയുമായി സ്ഥിരമായി തന്നെ ശല്യം ചെയ്ത യുവാവിന്‍റെ ദേഹത്ത് ആസിഡ് ഒഴിച്ച് യുവതി. യുപിയിലെ ഉന്നാവിലാണ് സംഭവം. യുവതിയുടെ ആക്രമണത്തിൽ രോഹിത് യാദവ് (24) എന്ന യുവാവിനാണ് സാരമായി പരിക്കേറ്റത്. ഇയാളുടെശല്യം സഹിക്കാതായപ്പോഴാണ് യുവതി ആസിഡ് ആക്രമണം നടത്തിയത് എന്നാണ് ലഭ്യമാകുന്ന വിവരം. ആസിഡ് വീണതിനെ തുടർന്ന് യുവാവിന്‍റെ പിന്‍കഴുത്തിലും നെഞ്ചിലും ഇടത് ചുമലിലും ഗുരുതരമായി പൊള്ളലേറ്റു.

യുപിയിലെ മൊറാവന്‍ പോലീസ് സ്‌റ്റേഷന്‍റെ പരിധിയിലുള്ള ഗൊഡാമൗവിലാണ് സംഭവം. സംഭവം അറിഞ്ഞതിനെ തുടർന്ന് പോലീസ് എത്തി ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലഖ്നൗവിലെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആക്രമണം നടത്തിയ പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി.

സംഭവത്തില്‍ പിന്നീട് യുവതിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും കേസ് രേഖപ്പെടുത്തിയിട്ടില്ല. ആക്രമിക്കപ്പെട്ട യുവാവ് പോലീസിൽ പരാതി നല്‍കിയാല്‍ കേസ് എടുക്കുമെന്ന് പോലീസ് അറിയിച്ചു.ഇന്ന് രാവിലെ യുവാവ് ജോലിചെയ്യുന്ന ഫാമില്‍ എത്തിയ പെണ്‍കുട്ടി, യുവാവ് എത്തുന്നത് വരെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നു.