റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാന മന്ത്രിമാർ നടത്തിയ പ്രസംഗത്തിന്റെ വിശദാംശം തേടി രാജ്ഭവൻ; നടത്തുന്നത് അസാധാരണ നീക്കം

single-img
28 January 2020

റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലാ ആസ്ഥാനങ്ങളിൽ നടന്ന പരിപാടിയിൽ വിവിധ വകുപ്പ് മന്ത്രിമാർ നടത്തിയ പ്രസംഗത്തിന്റെ വിശദാംശം നൽകണമെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫിസർമാരോട് രാജ്ഭവൻ ആവശ്യപ്പെട്ടു. മന്ത്രിമാർ നടത്തിയ പ്രസംഗത്തിന്റെ പത്രവാർത്തകൾ വന്നിട്ടുള്ളവയുടെ സ്കാൻ ചെയ്ത കോപ്പി അയച്ചു കൊടുക്കണമെന്നാണ് രാജ്ഭവൻ ഇന്ന് സംസ്ഥാനത്തെ ജില്ലാ ഇൻഫർമേഷൻ ഓഫിസർമാരോടു നേരിട്ട് ആവശ്യപ്പെട്ടത്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ഗവർണറും വിരുദ്ധ നിലപാടുകളിലായിരിക്കെ നിയമവുമായി ബന്ധപ്പെട്ട്, ജില്ലാതല ചടങ്ങുകളിൽ സംസ്ഥാന മന്ത്രിമാർ എന്തൊക്കെയാണ് പറഞ്ഞതെന്നറിയാനുള്ള നീക്കമാണ് ഇതെന്നാണ്സൂചന .

സാധാരണ രീതിയിൽ ഗവർണർ പങ്കെടുക്കുന്ന ചടങ്ങുകളുടെ വാർത്തയുടെ കോപ്പികൾ രാജ്ഭവൻ ആവശ്യപ്പെടാറുണ്ട് എങ്കിലും റിപ്പബ്ലിക് ദിനത്തിലോ സ്വാതന്ത്ര്യ ദിനത്തിലോ മന്ത്രിമാർ നടത്തുന്ന പ്രസംഗത്തിന്റെ വിശദാംശങ്ങൾ രാജ്ഭവൻ തേടാറില്ല. അത്തരത്തിൽ നോക്കിയാൽ ഇത് ആദ്യമായാണ് രാജ്ഭവന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു നീക്കമുണ്ടാകുന്നത്.