എല്ലാ കണ്ണുകളും നിയമസഭയിലേക്ക്; ഗവർണ്ണറെ നീക്കം ചെയ്യാനുള്ള പ്രതിപക്ഷ നോട്ടീസ് നിലനിൽക്കുമെന്ന് സ്പീക്കർ

single-img
28 January 2020

സംസ്ഥാന ഗവർണ്ണറെ നീക്കം ചെയ്യാനുള്ള തങ്ങളുടെ നോട്ടീസ് അംഗീകരിച്ചില്ലെങ്കിൽ സർക്കാറിനും ഗവർണ്ണർക്കുമെതിരായ നീക്കം കടുപ്പിക്കാൻ പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ നോട്ടീസിനെ സർക്കാർ തള്ളുമ്പോൾ നോട്ടീസിൽ പിശകില്ലെന്നാണ് സ്പീക്കറുടെ നിലപാട്.

നാളെ സഭിയിൽ നടക്കാനിരിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരായ പരാമർശങ്ങളിൽ ഗവർണ്ണർ എന്ത് നിലപാടെടുക്കുമെന്നതിൽ ഇപ്പോഴും ആകാംക്ഷ തുടരുകയാണ്. അതുകൊണ്ടുതന്നെ ഇനി എല്ലാ കണ്ണുകളും നിയമസഭയിലേക്കാണ്.

കേന്ദ്ര നിയമമായ പൗരത്വ പ്രശ്നത്തിൽ ഗവർണ്ണർ-സർക്കാർ-പ്രതിപക്ഷ ഭിന്നത അസാധാരണനിലയിൽ തുടരുമ്പോഴാണ് സഭ ചേരുന്നത്. കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമഭേദഗതിക്കെതിരായ എതിർപ്പ് ഗവ‍ർണ്ണർ ആവശ്യപ്പെട്ടിട്ടും നയപ്രഖ്യാപന പ്രസംഗത്തിൽ നിന്നും മാറ്റാനില്ലെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. എന്നാൽ പരസ്യമായ ഏറ്റുമുട്ടൽ ഒഴിവാക്കാനാണ് ചെന്നിത്തലയുടെ നോട്ടീസിന് സർക്കാർ കൈകൊടുക്കാത്തത്.

എന്നാൽ നിയമസഭയിൽ പ്രതിപക്ഷനേതാവ് നല്‍കിയ നോട്ടീസ് നിലനില്‍ക്കുമെന്ന സ്പീക്കറുടെ നിലപാട് ആകാംക്ഷ ജനിപ്പിക്കുന്നതാണ്. വരുന്നവെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി ചെന്നിത്തലയുടെ നോട്ടീസ് തള്ളാനാണ് സാധ്യത. സംസ്ഥാന നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കേ അകത്തും പുറത്തും എന്തു നടക്കുമെന്ന ഉദ്വേഗവും ആകാംക്ഷയും വീണ്ടും കൂടുകയാണ്.