കേന്ദ്രസര്‍ക്കാര്‍ ‘മദ്യപിച്ച കൗമാരക്കാരന്‍’; ചോദ്യം ചെയ്തില്ലെങ്കിൽ കുടുംബം നശിപ്പിക്കും: കണ്ണന്‍ ഗോപിനാഥന്‍

single-img
28 January 2020

കേന്ദ്രം ഭരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാർ ‘മദ്യപിച്ച കൗമാരക്കാരനെ’ പോലെയാണ് പെരുമാറുന്നതെന്നും ചോദ്യം ചെയ്തില്ലെങ്കിൽ കുടുംബങ്ങൾ തകർക്കുമെന്നും മലയാളിയായ മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ‘അവനൊരു സാധാരണ കുട്ടിയല്ല, മദ്യപിച്ച കൗമാരക്കാരനാണ്. അവനെ ചോദ്യം ചെയ്യണം. ഇല്ലെങ്കിൽ നശിപ്പിച്ചു തുടങ്ങുമ്പോൾ, അവൻ മറ്റുള്ളവരുടെ വീടായിരിക്കില്ല നശിപ്പിക്കുന്നത്, സ്വന്തം വീടായിരിക്കും.’ കണ്ണൻ പറഞ്ഞു.

‘കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം തെറ്റായ നിയമമാണെന്ന് ചില ആർഎസ്എസ് പ്രവർത്തകർക്ക് പോലും മനസിലായിട്ടുണ്ട്. പക്ഷെ അവരുടെ സ്വന്തം കുഞ്ഞായതിനാലാണ് കേന്ദ്രത്തിലെ എൻഡിഎ സർക്കാരിനെതിരെ നിശബ്ദത പാലിക്കുന്നത്. യുപിയിൽ രണ്ടു തവണ തന്നെ അറസ്റ്റു ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചോദ്യങ്ങൾ ഉന്നയിക്കുന്നത് അവർ ഇഷ്ടപ്പെടുന്നില്ല എന്നതാണ് കാരണം.

താൻ നിരവധി ആർഎസ്എസ് പ്രവർത്തകരുമായി നിയമത്തെ പറ്റി സംസാരിച്ചിട്ടുണ്ട്. അവർ എല്ലാവരും ഇതു മനസിലാക്കുന്നുണ്ട്. നിങ്ങൾക്കും അവരുമായി നിങ്ങൾ സംസാരിച്ചാൽ മനസിലാകും, കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്ന് തെറ്റായതെന്തോ നടന്നിട്ടുണ്ടെന്ന് അവർക്ക് ബോധ്യമുണ്ടെന്ന്. പക്ഷെ ഈ നിയമത്തെ പിന്തുണയ്ക്കാനാണ് അവരോട് ആവശ്യപ്പെട്ടിരിക്കുന്നത്.’ – കണ്ണൻ പറയുന്നു.