തെരുവിലിറങ്ങി സമരം ചെയ്യരുത്; സ്ത്രീകളെ വിലക്കി കാന്തപുരം

single-img
28 January 2020

സമരത്തിനിറങ്ങുന്നതില്‍ നിന്ന് സ്ത്രീകളെ വിലക്കി കാന്തപുരം. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിലെ സ്ത്രീപങ്കാളിത്തത്തെ വിമര്‍ശിച്ചാണ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ രംഗത്തുവന്നിരിക്കുന്നത്. രാജ്യവ്യാപകമായി ആണ്‍പെണ്‍ ഭേദമില്ലാതെ പൗരത്വ നിയമത്തിനെതിരായി പ്രതിഷേധിക്കുന്നതിനിടെയാണ് കാന്തപുരത്തിന്റെ വിലക്ക്.

പുരുഷന്‍മാരെപ്പോലെ തെരുവില്‍ സമരത്തിന് സ്ത്രീകള്‍ ഇറങ്ങാന്‍ പാടില്ല.പുരുഷന്‍മാരെപ്പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല.എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണമെന്നും അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്ന് ആരോപിച്ച സിറോ മലബാര്‍ സഭയുടെ നിലപാട് തെറ്റാണെന്നും, ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് പലതും കൊണ്ടുവരുന്നത് എന്നാല്‍ അതില്‍ വീഴരുതെന്നും കാന്തപുരം പറഞ്ഞു.

പൗരത്വ നിയമത്തിനതിരെ സംസ്ഥാനത്ത് നടന്ന സംയുക്ത പ്രതിഷേധത്തില്‍ കാന്തപുരം പങ്കെടുത്തിരുന്നു. റിപ്പബ്ലിക് ദിനത്തില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യമഹാ ശൃംഘലയിലും കാന്തപുരം എപി വിഭാഗം സുന്നികള്‍ ഭാഗമായിരുന്നു.രാജ്യവ്യാപക പ്രക്ഷേഭങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണ് സ്ത്രീകള്‍ സമരത്തിനിറങ്ങരുതെന്ന കാന്തപുരത്തിന്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്.