റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രിയെ ഷൂസണിയിക്കാന്‍ സഹായി; വീഡിയോ വിവാദമാകുന്നു

single-img
27 January 2020

ഭുവനേശ്വര്‍: റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മന്ത്രിയെ ഷൂസണിയാന്‍ സഹായിക്കുന്ന വീഡിയോ വിവാദമാകുന്നു. ഒഡീഷ്യയിലെ വാണിജ്യ ഗതാഗത വകുപ്പ് മന്ത്രി പദ്മനാഭ ബെഹ്‌റയാണ് വിവാദത്തിലായത്. ബെഹ്‌റയെ ഷൂസണിയിക്കാന്‍ ഒരാള്‍ സഹായിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കിയോഞ്ചര്‍ ജില്ലയില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ വേളയിലാണ് സംഭവം.

ദേശീയ പതാക ഉയര്‍ത്തിയ ശേഷം വേദിയിലേക്കു കയറിയ മന്ത്രിയുടെ അടുത്തേക്ക് കയ്യില്‍ ഷൂസുമായി എത്തുന്ന വ്യക്തിയെ വീഡിയോയില്‍ കാണാം.മന്ത്രിയുടെ കാല്‍ക്കല്‍ ഷൂ വച്ച ശേഷം ഇയാള്‍ ഇറങ്ങിപ്പോകുന്നു. ഷൂ എടുത്തുകൊണ്ടു വന്നയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

നിരവധിപ്പേരാണ് സോഷ്യല്‍ മീഡിയയില്‍ മന്ത്രിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. എന്നാല്‍ ആരോപണങ്ങളെ മന്ത്രി പദ്മനാഭ ബെഹ്‌റ പൂര്‍ണമായി നിഷേധിച്ചു.’ദേശീയ പതാകയോട് ബഹുമാനം പ്രകടിപ്പിച്ചാണ് ഷൂ ഊരിമാറ്റിയത്. അതിനു ശേഷമാണ് പതാക ഉയര്‍ത്തിയത്. എന്റെ ഷൂസ് ആരും എടുതക്തു പിടിച്ചിട്ടുണ്ടായിരുന്നില്ല.’ ബെഹ്‌റ വിശദീകരിച്ചു.