യുപിയില്‍ പോലീസ് വേഷത്തിലെത്തിയ സംഘം വീട്ടില്‍നിന്നും വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു

single-img
27 January 2020

യുപിയിൽ പോലീസ് വേഷം ധരിച്ചെത്തിയ സംഘം വീട്ടില്‍ക്കയറി വിളിച്ചിറക്കിക്കൊണ്ടുപോയി സഹോദരിമാരെ ബലാത്സംഗം ചെയ്തു. യുപിയിലെ സംഭല്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് പോലീസ് വേഷം ധരിച്ച് കാറിലെത്തിയ സംഘം പെണ്‍കുട്ടികളുടെ വീട്ടില്‍ കയറി വീട്ടിലെ മറ്റ് അംഗങ്ങള്‍ക്ക് വ്യാജ മദ്യവുമായി ബന്ധമുണ്ടെന്നും അതിനാല്‍ നിങ്ങള്‍ പോലീസ് സ്റ്റേഷനില്‍ വരണമെന്നും പറഞ്ഞ് പെണ്‍കുട്ടികളെ കൊണ്ടുപോയത്.

ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടികളെ ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവ ശേഷം അവിടെ നിന്നും വീട്ടില്‍തിരിച്ചെത്തിയ സഹോദരിമാര്‍ വീട്ടുകാരെ വിവരം ധരിപ്പിച്ചതിനെത്തുടര്‍ന്ന് സമീപത്തുള്ള ബെഹ്‌ജോ പോലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടെങ്കിലും ആരും വീട്ടിലെത്തിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.

അതേസമയം പെണ്‍കുട്ടികളുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു. നിലവില്‍ പെണ്‍കുട്ടികളുടെ മെഡിക്കല്‍ പരിശോധന ഫലം ലഭിച്ചെങ്കില്‍ മാത്രമേ കൂടുതല്‍ വ്യക്തത കേസിന് ലഭിക്കുകയുള്ളു എന്നാണ് പോലീസ് പറയുന്നത്.