ആർഎസ്എസിന് കീഴില്‍ രാജ്യത്തെ ആദ്യ ആർമി സ്കൂൾ പ്രവര്‍ത്തനം ആരംഭിക്കുന്നു

single-img
27 January 2020

ആർഎസ്എസിന് കീഴില്‍ രാജ്യത്തെ ആദ്യ ആർമി സ്കൂൾ ഈ വർഷം ഏപ്രിലിൽ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ആരംഭിക്കും. രാജ്യത്തിന്റെ വികസനത്തിനായി സംഭാവന നൽകാൻ സാധിക്കുന്ന മികച്ച പൗരൻമാരെ വാർത്തെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് അധികൃതർ പറയുന്നു.

ആർഎസ് എസ് സംഘടനയുടെ മുൻ മേധാവി ര‍ജ്ജു ഭയ്യയുടെ പേരിൽ രജ്ജു ഭയ്യാ സൈനിക് വിദ്യാമന്ദിർ എന്നാണ് സ്കൂളിന് നാമകരണം ചെയ്തിരിക്കുന്നത്. അടുത്ത മാസം 23 വരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.ഇന്ത്യൻ സൈന്യത്തിലെ മുൻ കേണൽ ശിവ് പ്രതാപ് സിം​ഗ് ആണ് സ്കൂൾ മേധാവി.

ദേശീയ പ്രതിരോധ അക്കാദമി, നേവൽ അക്കാദമി, കരസേന ടെക്നിക്കൽ എക്സാമിനേഷൻ എന്നിവയ്ക്ക് വേണ്ടിയുള്ള പരിശീലനമാണ് ഈ സ്കൂളിൽ നൽകുക. പ്രവേശന പരീക്ഷ വഴിയായിരിക്കും പ്രവേശനം നിശ്ചയിക്കുക. ആദ്യത്തെ ബാച്ചിൽ 160 കുട്ടികൾക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ഇവിടെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും യൂണിഫോം നിര്‍ബന്ധമാണ്. വിദ്യാര്‍ഥികള്‍ക്ക് ഇളം നീല നിറമുള്ള ഷര്‍ട്ടും ഇരുണ്ട നീല ട്രൗസറുമാണ് യൂണിഫോമിന്റെ നിറം. അധ്യാപകര്‍ക്കാവട്ടെ ചാര നിറത്തിലുള്ള ട്രൗസറും വെളുത്തഷര്‍ട്ടുമാണ് വേഷം.