കേരളത്തില്‍ ഇനിമുതല്‍ ഏത് പോലീസ് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റര്‍ ചെയ്യാം

single-img
27 January 2020

കേരളത്തിൽ ഇനിമുതൽ പോലീസ് സ്റ്റേഷനിലും എഫ്ഐആർ രജിസ്റ്റര്‍ ചെയ്യാം. ഏത് കേസായാലും ഏതെങ്കിലും സ്റ്റേഷനിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത ശേഷം, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് ഇത് അയച്ചുകൊടുത്താൽ മതിയാകും. സംഭവം നടക്കുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ചട്ടം എടുത്തുകളയാൻ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവിയുടെ ഓഫീസ് വാർത്താക്കുറിപ്പിറക്കി.മാത്രമല്ല, ഈ നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാൽ പോലീസുദ്യോഗസ്ഥർക്കെതിരെ വകുപ്പുതലത്തിലും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

ക്രിമിനല്‍ നടപടിക്രമങ്ങളിലെ നിയമത്തിൽ വകുപ്പ് 170 പ്രകാരം ഇതുവരെ കുറ്റകൃത്യം നടന്നാൽ അതേ പോലീസ് സ്റ്റേഷൻ പരിധിയിൽത്തന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നത് നിർബന്ധമായിരുന്നു. ഇത് പലപ്പോഴും വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് അടക്കം വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയിരുന്നത്.

പുതിയ നിയമത്തിലൂടെ ട്രെയിനിലോ ബസ്സിലോ കുറ്റകൃത്യങ്ങള്‍ക്ക് ഇരയാകുന്നയാള്‍ക്ക് ഇറങ്ങുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി എഫ്ഐആർ രജിസ്റ്റര്‍ ചെയ്യാന്‍ ഇതുവഴി സാധിക്കും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി.

അതേപോലെ തന്നെ പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എഫ്ഐആർ രജിസ്റ്റര്‍ ചെയ്യാത്തപക്ഷം അദ്ദേഹത്തിന് രണ്ടുവര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിൽ വകുപ്പുണ്ട്.

ഈ വകുപ്പിന്റെ അടിസ്ഥാനത്തിലാണ് തന്‍റെ അധികാരപരിധിയുടെ പുറത്ത് നടന്ന കുറ്റകൃത്യമാണെങ്കിലും എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേയ്ക്ക് അയച്ചുകൊടുക്കാന്‍ ‍ഡിജിപി നിര്‍ദ്ദേശിച്ചത്.