കൊറോണ വൈറസ്; ചൈനയില്‍ മരണസംഖ്യ 80 ആയി, രാജ്യത്ത് യാത്രാ വിലക്ക് പ്രഖ്യാപിക്കും

single-img
27 January 2020

വുഹാന്‍: ചൈനയില്‍ കൊറോണ വൈറസ് ബാധ രൂക്ഷമാകുന്നു. അണുബാധയേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി. രാജ്യത്ത് 2744 പേര്‍ക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ഗുരുതരസ്ഥിതിയാണ് നിലവിലെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ് അറിയിച്ചു.

ആരോഗ്യപ്രവര്‍ത്തകരുടേയും അധികൃതരുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അതിവേഗത്തിലാണ് ചൈനയില്‍ വൈറസ് പടരുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നതിനു മുന്‍പേ വൈറസ് ബാധിതനില്‍ നിന്ന് രോഗാണു പകരുന്നു എന്നതാണ് വെല്ലുവിളി. വൈറസ് പടരുന്നത് തടയാന്‍ കര്‍ശന നടപടികള്‍ പ്രഖ്യാപിക്കുകയാണ് അധികൃതര്‍. രാജ്യവ്യാപകമായി യാത്രാ വിലക്ക് പ്രഖ്യാപിക്കുകയാണ് അദ്യ നടപടി. നിലവില്‍ 12 നഗരങ്ങളില്‍ യാത്രാ വിലക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. വുഹാന്‍ നഗരം ഏതാണ്ട് ഒറ്റപ്പെട്ടുകഴിഞ്ഞിരിക്കുന്നു.

ചൈനയില്‍ കൊറോണ ബാധിതര്‍ക്കായി പ്രത്യേക ആശുപത്രി കളുടെ നിര്‍മ്മാണം വേഗത്തില്‍ പുരോഗമിക്കുകയാണ്. 15 ദിവസത്തിനകം രണ്ടാമത്തെ ആശുപത്രി പൂര്‍ത്തിയാക്കും എന്നാണ് പ്രതീക്ഷ.രാജ്യത്ത് വളര്‍ത്തു മൃഗങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. ഫാമുകള്‍ കര്‍ശന നിരീക്ഷണത്തിലാണ്. വൈറസിനെ പ്രതിരോധിക്കാന്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ചേക്കും എന്നാണ് സൂചന

വുഹാനില്‍ കഴിയുന്ന ഇന്ത്യക്കാര്‍ നിലവില്‍ സിരക്ഷിതരാണെന്ന വിവരമാണ് വിദേശകാര്യമന്ത്രാലയം അറിയിക്കുന്നത്. എത്രയും വേഗം നാട്ടിലേക്ക് മടങ്ങണമെന്ന് യുഎസ് പൗരന്‍മാര്‍ക്ക് അമേരിക്കയുടെ നിര്‍ദേശമുണ്ട്.അമേരിക്കയില്‍ ചൈനയില്‍ നിന്ന് വന്ന ഒരാള്‍ക്ക് വൈറസ് ബാധ കണ്ടെത്തി. കാനഡയിലും
ചൈനയില്‍ നിന്നെത്തിയ ആളില്‍ വൈറസ് സ്ഥിരീകരിച്ചു.