രക്തച്ചൊരിച്ചിലിന് അവസാനമാകുമോ? ബോഡോവാദികളുമായി സമാധാനക്കരാർ ഒപ്പുവച്ച് കേന്ദ്രസർക്കാർ

single-img
27 January 2020

വടക്ക് കിഴക്കൻ സംസ്ഥാനമായ അസമിലെ സായുധ തീവ്രവാദ സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാൻഡുമായി സമാധാനക്കരാർ ഒപ്പുവച്ച് കേന്ദ്രസർക്കാർ. അസമിൽ നിന്ന് സ്വതന്ത്രമായി പ്രത്യേക സംസ്ഥാനം വേണമെന്നാവശ്യപ്പെട്ട് ബോഡോ തീവ്രവാദികൾ ഈ മേഖലയിൽ ദശാബ്ദങ്ങളായി നടത്തിയ രക്തച്ചൊരിച്ചിലിന് ഈ കരാറോടെ അവസാനമാകുമെന്നാണ് പ്രതീക്ഷ. നിലവിൽ ബോഡോ സ്വാധീന മേഖലയ്ക്ക് 1500 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച സാഹചര്യത്തിൽ തൽക്കാലം വേണ്ടെന്ന് വയ്ക്കുകയാണെന്ന് ബോഡോ തീവ്രവാദി സംഘടന വ്യക്തമാക്കി.

സംഘടനയുമായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളും ചേർന്നാണ് കരാർ ഒപ്പുവച്ചത്. കരാറിനെ സംബന്ധിച്ച് ഇത് ചരിത്രദിനമാണെന്നാണ് അമിത് ഷാ പ്രതികരിച്ചത്.
പ്രധാനമായും കേന്ദ്രസർക്കാർ, അസം സർക്കാർ, നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫോ ബോഡോലാൻഡ്, ഓൾ ബോഡോ സ്റ്റുഡന്‍റ്സ് യൂണിയൻ എന്നിങ്ങനെയുള്ള ബോഡോ സംഘടനകൾ എന്നിവർ അടങ്ങുന്ന ത്രികക്ഷി കരാറാണിപ്പോൾ ഒപ്പുവച്ചിരിക്കുന്നത്.

ഇതുവരെ ഉയർത്തിയിരുന്ന ബോഡോലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയില്ലാതെ നിന്നിരുന്ന ഓൾ ബോഡോ സ്റ്റുഡന്‍റ്സ് യൂണിയൻ ഇപ്പോൾ കരാറിൽ ഒപ്പുവയ്ക്കാൻ തയ്യാറായത് കേന്ദ്രസർക്കാരിന് നേട്ടമാണ്. കേന്ദ്ര സർക്കാരുമായുള്ള പുതിയ കരാർ പ്രകാരം, സായുധ കലാപം നടത്തിയ, തീവ്രവാദപ്രസ്ഥാനത്തിൽ പങ്കെടുത്ത തീവ്രവാദികൾക്ക് കൂട്ടമാപ്പ് നൽകുന്ന കാര്യം കേന്ദ്രസർക്കാർ അനുഭാവപൂർവം പരിഗണിക്കും. തീവ്രവാദ സൈന്യത്തിലെ കീഴടങ്ങുന്നവരിൽ മറ്റ് ക്രിമിനൽ കുറ്റങ്ങൾ ചെയ്യാത്തവരുണ്ടെങ്കിൽ അവരെ അർദ്ധസൈനിക വിഭാഗങ്ങളിൽ ജവാൻമാരായി നിയമനം നൽകാൻ നടപടിയുണ്ടാകും.

മാത്രമല്ല, ബോഡോ സമരങ്ങളുടെ ഭാഗമായി കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകും.ഇതുവരെയ്ക്കും ബോഡോലാൻഡ് എന്ന് അറിയപ്പെട്ടിരുന്ന മേഖല ഇനി മുതൽ ബോഡോലാൻഡ് ടെറിറ്റോറിയൽ റീജ്യൺ എന്നറിയപ്പെടും. ഇവിടുത്തുകാരായ ജനങ്ങൾക്ക് എല്ലാവർക്കും ‘ഗിരിവർഗ ഗോത്രം’ എന്ന പദവിയും അതനുസരിച്ചുള്ള സംവരണവും നൽകും. അതോടൊപ്പം തന്നെ ദേവനാഗരി ലിപിയിലുള്ള ബോഡോ ഭാഷ, ഇനി അസമിന്‍റെ ഔദ്യോഗിക ഭാഷകളിലൊന്നാകും.കരാർ പ്രകാരം ബോഡോ മേഖലയ്ക്ക് പ്രാഥമികമായിത്തന്നെ വൻതുകയുടെ വികസനപാക്കേജാണ് നൽകുക.