നമുക്ക് വിശ്രമിക്കാറായിട്ടില്ല, നിയമം റദ്ദാക്കുന്നതുവരെ പോരാട്ടം തുടരണം: പിണറായി വിജയൻ

single-img
26 January 2020

കേന്ദ്ര സർക്കാർ പൗരത്വ നിയമ ഭേദഗതി റദ്ദു ചെയ്യുന്നതുവരെ നമ്മൾ പോരാട്ടം തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ പറയുന്ന രീതിയിൽ ദേശീയ ജനസംഖ്യ രജിസ്റ്ററും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കാൻ അനുവദിക്കില്ലെന്ന് കേരളം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് മാത്രം നമുക്ക് വിശ്രമിക്കാറായിട്ടില്ല. കേന്ദ്രം നിയമം റദ്ദാക്കുന്നതുവരെ പോരാട്ടം തുടരണം.

അതിനുവേണ്ടി എല്ലാവരും സ്വയം സമർപ്പിക്കണമെന്നും പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം കാത്തുതന്നെ അനിഷ്ട സംഭവങ്ങൾ ഒന്നും ഇല്ലാതെ, കടുത്ത പ്രതിഷേധം ഉയർത്തിക്കൊണ്ടുവരാൻ സാധിച്ചു. എല്ലാ ജില്ലകളിലും വലിയ തോതിലുളള ജനസഞ്ചയമാണ് പങ്കെടുത്തത്.

മനുഷ്യമഹാശൃംഖല എന്നത് ഫലത്തിൽ മനുഷ്യമതിലായി മാറിയെന്നും പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ കേന്ദ്ര സർക്കാർ ദേശീയ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത് മുതൽ അതിനെതിരെ ശക്തമായി പ്രതികരിച്ചു വരികയാണ്. യാതൊരുവിധ ഭേദചിന്തയും ഇല്ലാതെ ഒന്നിച്ച് അണിനിരന്ന് കൊണ്ടാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ജനങ്ങൾ പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.