കേരളത്തിലെ മനുഷ്യ മഹാശൃംഖലയ്ക്ക് ഐക്യദാർഢ്യവുമായി ഡല്‍ഹി കേരള ഹൗസിന് മുന്നിലും മനുഷ്യശൃംഖല

single-img
26 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കെതിരെ ഇടത് മുന്നണി കേരളത്തിൽ സംഘടിപ്പിച്ച മനുഷ്യശൃംഖലയ്ക്ക് ഐക്യദാർഢ്യവുമായി രാജ്യ തലസ്ഥാനമായ ഡൽഹിയിലെ കേരള ഹൗസിന് മുന്നിൽ മനുഷ്യശൃംഖല തീർത്തു. മുൻ എംപി കൂടിയായ അഡ്വ. എ സമ്പത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയ മനുഷ്യശൃംഖലയിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിക്കുകയും ഭരണഘടനാ സംരക്ഷണപ്രതിജ്‍‍ഞയെടുക്കുകയും ചെയ്തു. ഇതിൽ ഏകദേശം അമ്പതോളം പേർ പങ്കെടുത്തു.

അതേസമയം പൗരത്വനിയമ ഭേദഗതിക്കെതിരെ എൽഡിഎഫ് കേരളത്തിൽ സംഘടിപ്പിച്ച മനുഷ്യശൃംഖലയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കാനം രാജേന്ദ്രന്‍, എംവി ഗോവിന്ദൻ തുടങ്ങി നേതാക്കള്‍ പങ്കെടുത്തു. സംസ്ഥാനത്തെ സംയുക്ത പ്രതിഷേധത്തിന് വേദിയായ പാളയത്തെ രക്തസാക്ഷി മണ്ഡപത്തിന് സമീപത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ മനുഷ്യ മഹാശൃംഖലയിൽ അണിചേര്‍ന്നത്.