മധ്യപ്രദേശില്‍ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസ് നേതാക്കള്‍

single-img
26 January 2020

ഇന്ന് നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിനിടെ മധ്യപ്രദേശിലെ ഇന്‍ഡോറിൽ കോൺ​ഗ്രസ് നേതാക്കൾ തമ്മിൽ ഏറ്റുമുട്ടി. സംസ്ഥാനത്തെ മുതിർന്ന കോണ്‍ഗ്രസ് നേതാക്കന്മാരായ ദേവേന്ദ്രസിങ് യാദവ്, ചന്ദു കുഞ്ചീര്‍ എന്നിവരാണ് ഇന്‍ഡോറിലെ കോണ്‍ഗ്രസ് ആസ്ഥാനമായ ഗാന്ധിഭവന് പുറത്തുവച്ച് പരസ്പരം ഏറ്റുമുട്ടിയത്. ആഘോഷങ്ങളുടെ ഭാഗമായി ഗാന്ധിഭവനില്‍ മുഖ്യമന്ത്രി കമല്‍ നാഥ് ത്രിവര്‍ണ പതാക ഉയര്‍ത്താനായി എത്തുന്നതിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്.

കോൺ​ഗ്രസ് മധ്യപ്രദേശ് ജനറൽ സെക്രട്ടറിയാണ് ചന്ദു കുഞ്ചീര്‍. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം പിന്നീട് വളർന്ന് കൈയാങ്കളിയില്‍ അവസാനിക്കുകയായിരുന്നു. തര്‍ക്കത്തിന്റെ കാരണം പക്ഷെ അവ്യക്തമാണ്.

റോഡിൽവച്ച് പരസ്യമായി പരസ്പരം മര്‍ദിക്കാന്‍ തുടങ്ങിയതോടെ സമീപം ഉണ്ടായിരുന്ന പോലീസും മറ്റു പ്രവര്‍ത്തകരും ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. സംഭവം നടന്ന പിന്നാലെ മുഖ്യമന്ത്രി കമല്‍നാഥ് സ്ഥലത്തെത്തുകയും പതാക ഉയര്‍ത്തുകയും ചെയ്തു.