സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ആശ്വാസം; മിനിമം വേതനം സര്‍ക്കാര്‍ പ്രഖ്യാപിച്ചു

single-img
25 January 2020

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് മിനിമം വേതനം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. തൊഴില്‍വകുപ്പാണ് പ്രഖ്യാപനം നടത്തിയത്. ബാങ്കിംഗ്, നോണ്‍ബാങ്കിംഗ്, പണയം, ഇന്‍ഷുറന്‍സ്, മൈക്രോ ഫിനാന്‍സ്, വിദേശ നാണ്യവിനിമയ ഹയര്‍ പര്‍ച്ചേസ്, ചിട്ടി, കുറി തുടങ്ങിയ എല്ലാ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് വിജ്ഞാപനം ബാധകമാണ്. ഇതാദ്യമായാണ് സ്വകാര്യധനമേഖലയില്‍ ഇത്തരമൊരു ഇടപെടല്‍. മുത്തൂറ്റ് സമരത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.

കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമമനുസരിച്ചാണ് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നത്. ക്ലീനര്‍, സ്വീപ്പര്‍, ഓഫീസ് അറ്റന്‍ഡന്റ്, അറ്റന്‍ഡര്‍ തുടങ്ങിയ തസ്തികകളിലുള്ളവര്‍ക്ക് നിലവില്‍ ഡി.എ. അടക്കം 11140 രൂപയോളമാണ് തുടക്കം വേതനം. പുതിയ വിജ്ഞാപന പ്രകാരം ഈ തസ്തികകളിലെ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ തുടക്ക ശമ്പളം ഡി.എ. അടക്കം 13,400 രൂപയായി ഉയരും. വാച്ച്മാന്‍, സെക്യൂരിറ്റി തുടങ്ങിയ ജീവനക്കാര്‍ക്ക് നിലവില്‍ ഡി.എ. അടക്കം 11,350 രൂപയാണ് മിനിമം വേതന നിയമപ്രകാരം കുറഞ്ഞ വേതനമായി കണക്കാക്കിയിരിക്കുന്നത്. പുതിയ വിജ്ഞാപനത്തോടെ ഇത് 14,000 രൂപയായി ഉയരും. ഡ്രൈവറുടേതു നിലവിലുള്ള 11560 രൂപ എന്നത് കുറഞ്ഞത് 14750 രൂപ എന്ന നിലയിലേക്കും ഉയരും.

ക്ലര്‍ക്ക്, ജൂനിയര്‍ ഓഫിസര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ബിസിനസ് ഡെവലപ്മെന്റ് ഓഫിസര്‍മാര്‍, ഇന്‍ഷ്വറന്‍സ് പ്രോമോട്ടര്‍മാര്‍, കസ്റ്റമര്‍ സര്‍വീസ് എക്സിക്യൂട്ടിവുമാര്‍ തുടങ്ങിയ തസ്തികയിലുള്ളവര്‍ക്ക് നിലവില്‍ 11770 രൂപയാണ് ലഭിക്കുന്നത് ഇത് 17,000 രൂപയായി ഉയരും. ക്യാഷ്യര്‍, അക്കൗണ്ടന്റ്, സീനിയര്‍ എക്സിക്യൂട്ടിവ്, കസ്റ്റമര്‍ റിലേഷന്‍സ് എക്സിക്യൂട്ടിവ് തുടങ്ങിയ തസ്തികകളിലുള്ളവര്‍ക്ക് ഡി.എ. അടക്കം 19500 രൂപ ഏറ്റവും കുറഞ്ഞ തുടക്ക ശമ്പളമായി ലഭിക്കും.

അസിസ്റ്റന്റ് മാനേജര്‍മാര്‍, ബിസിനസ് മാനേജര്‍മാര്‍, സെയില്‍സ് ഡെവലപ്മെന്റ് മാനേജര്‍മാര്‍ തുടങ്ങിയവരുടെ വിഭാഗത്തില്‍ 11980 രൂപ എന്നത് പുതിയ വിജ്ഞാപന പ്രകാരം തുടക്കക്കാരായ ജീവനക്കാര്‍ക്ക് ഏറ്റവും കുറഞ്ഞത് 21750 രൂപ ലഭിക്കും. ബ്രാഞ്ച് മാനേജര്‍, മാനേജര്‍(എച്ച്.ആര്‍), ഓപ്പറേഷന്‍സ് ഹെഡ് തുടങ്ങിയ തസ്തികകളില്‍ 23750 രൂപയും ഏറ്റവും കുറഞ്ഞ വേതനം ഉറപ്പാക്കുന്നുണ്ട്. വാര്‍ഷിക ഇന്‍ക്രിമെന്റ് സംബന്ധിച്ചും വിജ്ഞാപനത്തില്‍ വ്യക്തമായി വ്യവസ്ഥ ചെയ്തിട്ടുണ്ട്.