കേരളം രാജ്യത്തിന് വഴികാട്ടുന്നു; പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസാക്കി

single-img
25 January 2020

വികസന – വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നപോലെ ഭരണഘടന സംരക്ഷിക്കുന്ന കാര്യത്തിലും കേരളം രാജ്യത്തിന് മാതൃക കാട്ടുകയാണ്. കേരളം തുടങ്ങി വെച്ച പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള നിയമസഭാ പ്രമേയമാണ് മറ്റു സംസ്ഥാനങ്ങളും ഏറ്റെടുക്കുന്നത്. പിന്നീട് ഈ പാത പിന്തുടർന്ന പഞ്ചാബിനും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം പാസാക്കി.

കേന്ദ്ര സർക്കാർ പറഞ്ഞിട്ടുള്ള ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കുന്നതില്‍ പുതിയ വിവരങ്ങള്‍ ആരാഞ്ഞുള്ള ചോദ്യങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രത്തിനോട് രാജസ്ഥാന്‍ നിയമസഭ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ന് നടന്ന സമ്മേളനത്തിൽ ശബ്‍ദവോട്ടോടെയാണ് രാജസ്ഥാന്‍ നിയമസഭയില്‍ സിഎഎ വിരുദ്ധ പ്രമേയം പാസാക്കിയത്. നിയമം ഭരണഘടനയുടെ വ്യവസ്ഥകള്‍ തകര്‍ക്കുകയാണ്.

സമൂഹത്തിലെ എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും നിയമങ്ങള്‍ക്ക് മുന്നില്‍ തുല്യരാണെന്നും പ്രമേയം അവതരിപ്പിച്ച് കൊണ്ട് പാര്‍ലമെന്‍ററികാര്യ മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു. എന്നാൽ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് ഖട്ടാരിയ പ്രമേയത്തെ ചോദ്യം ചെയ്തു. മുൻപേ തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയോഗം വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിരുന്നു. പൗരത്വ നിയമ ഭേദദതിക്കെതിരെ ആദ്യം പ്രമേയം പാസാക്കിയ ശേഷം കേരളത്തിന്‍റെ മാതൃക സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 11 മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയിരുന്നു.