ഡല്‍ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടുപ്പ്; മത്സരി​ക്കു​ന്ന​തി​ൽ കോടീശ്വരന്മാര്‍ 164പേ​ർ

single-img
25 January 2020

ഫെബ്രുവരിയിൽ ന​ട​ക്കു​ന്ന ഡല്‍ഹി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മത്സരിക്കുന്നവരില്‍ ഒ​രു കോ​ടി​യി​ൽ അ​ധി​കം സ്വ​ത്തു​ള്ള​വ​ർ 164പേ​ർ. ഇതില്‍ ബി​ജെ​പി, എഎപി, കോ​ണ്‍​ഗ്ര​സ് എന്നിങ്ങിനെ വിത്യാസമില്ല. ഇവരില്‍ മ​ണ്ഡ്ക മ​ണ്ഡ​ല​ത്തി​ൽ ആം ​ആ​ദ്മി പാ​ർ​ട്ടി​യു​ടെ സ്ഥാ​നാ​ർത്ഥി​യാ​യി മത്സരിക്കുന്ന ധ​ർ​മ​പാ​ൽ ല​ക്ര​യാ​ണ് സ്വ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ 292.1 കോ​ടി​യുമായി മുന്നില്‍ നില്‍ക്കുന്നത്. ആ​ർ​കെ പു​ര​ത്ത് മത്സരി​ക്കു​ന്ന ആം ​ആ​ദ്മി സ്ഥാ​നാ​ർ​ഥി പ്ര​മീ​ള ടോ​ക്ക​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 80.8 കോ​ടി രൂ​പ​യാ​ണ് പ്ര​മീ​ള​യു​ടെ സ്വ​ത്ത്.

തൊട്ടുപിന്നാലെ തന്നെ 80 കോ​ടി​യു​ടെ സ്വ​ത്തു​മാ​യി ആം​ആ​ദ്മി​യു​ടെ ത​ന്നെ രാം ​സിം​ഗ് നേ​താ​ജി​യാ​ണ് മൂ​ന്നാം​സ്ഥാ​ന​ത്ത്. സ്ഥാനാര്‍ത്ഥികളില്‍ ആ​ദ്യ​ത്തെ പ​ത്തു സ്ഥാ​ന​ങ്ങ​ളി​ൽ നി​ൽ​ക്കു​ന്ന​വ​ർ​ക്കെ​ല്ലാം 50 കോ​ടി​ക്കു മു​ന്നി​ലാ​ണ് സ്വ​ത്ത്. പട്ടികയില്‍ കൂടുതല്‍ സ്വത്തുള്ള ആദ്യത്തെ പത്ത് സ്ഥാനാര്‍ത്ഥികളില്‍ ആറുപേര്‍ ആംആദ്മി പാര്‍ട്ടിയില്‍ നിന്നും മൂന്നുപേര്‍ ബിജെപിയില്‍ നിന്നും വരവേ കോണ്‍ഗ്രസില്‍ നിന്നും ഒരാളാണ് ഇടം നേടിയത്. പ്രായത്തിന്റെ കാര്യത്തില്‍ രാജേന്ദ്ര നഗറില്‍ മത്സരിക്കുന്ന 25 വയസുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി റോക്കി തുഷീദ് ആണ് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി.

അതേപോലെ തന്നെ ഏറ്റവും പ്രായം കൂടിയ സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസില്‍ നിന്ന് തന്നെയാണ്. ഷഹാദറയില്‍ മത്സരിക്കുന്ന നരേന്ദ്ര നാഥിന് 75 വയസാണ്. റോക്കിയാണ് ഏറ്റവും സ്വത്ത് കുറഞ്ഞ സ്ഥാനാര്‍ത്ഥി ഇദ്ദേഹത്തിന്‍റെ സമ്പാദ്യം 55,574 രൂപയാണ്. ഏറ്റവും കുറവ് സ്വത്തുള്ള 10 സ്ഥാനാര്‍ത്ഥികളില്‍ 7 പേര്‍ ആംആദ്മിക്കാരാണ്.