ട്രാക്കുമാറ്റി കയറ്റി എന്ന് ആരോപണം; പാലിയേക്കര ടോള്‍പ്ലാസയില്‍ ദമ്പതികള്‍ക്ക് ജീവനക്കാരുടെ മര്‍ദ്ദനം

single-img
24 January 2020

തൃശൂർ ജില്ലയിലെ ദേശീയ പാതയിൽ പാലിയേക്കര ടോള്‍പ്ലാസയില്‍ വെച്ച് ദമ്പതികളെ ടോള്‍പ്ലാസ ജീവനക്കാര്‍ മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി പരാതി. ടോൾ ഗേറ്റിൽ ഇരുചക്ര വാഹനം ട്രാക്കുമാറ്റി കയറ്റി എന്നാരോപിച്ചാണ് ഇരുവര്‍ക്കും നേരെ ആക്രമണം ഉണ്ടായത്. പുതുക്കാട് സ്വദേശിയായ വെളിയത്തു പറമ്പില്‍ വിമല്‍ ഇ ആര്‍, ഭാര്യ തനൂജ എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

നിലവിൽ ഇരുവരും പുതുക്കാട് ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. അക്രമ സംഭവത്തില്‍ പാലിയേക്കര ടോള്‍പ്ലാസ ജീവനക്കാര്‍ക്കെതിരെ പുതുക്കാട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയെ തുടർന്ന് പുതുക്കാട് സ്റ്റേഷന്‍ പോലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തിട്ടുണ്ട്.

അക്രമ സംഭവ പരാതിയിൽ മൊഴി എടുത്തിട്ടുണ്ടെന്നും ടോള്‍പ്ലാസ ജീവനക്കാരോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പുതുക്കാട് പോലീസ് അറിയിച്ചു.