പൗരത്വ ഭേദഗതി നിയമം: മധ്യപ്രദേശില്‍ ബിജെപിയില്‍ നിന്ന് 80 നേതാക്കള്‍ രാജിവെച്ചു

single-img
24 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് മധ്യപ്രദേശിലെ ബിജെപി ന്യൂനപക്ഷ സെല്ലിലെ 80 ഓളം മുസ്‍ലിം നേതാക്കൾ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചു. ബിജെപിയുടെ പുതുതായി ചുമതലയേറ്റ ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡക്കാണ് ഇവര്‍ രാജി സമര്‍പ്പിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജന വ്യവസ്ഥ എന്നാണ് രാജിവെച്ചവർ വിശേഷിപ്പിച്ചത്.

പൗരത്വ ഭേദഗതി ബിൽ പാർലമെന്റിന്റെ ഇരു സഭകളിലും പാസായതിന് ശേഷം സമുദായത്തിന്റെ പരിപാടികളില്‍‌ പങ്കെടുക്കുന്നത് കൂടുതൽ‌ ദുഷ്കരമായി തീര്‍ന്നുവെന്ന് രാജിവെച്ച നേതാക്കള്‍ പറഞ്ഞു.

ഈ നിയമത്തെക്കുറിച്ച് എത്രനാൾ മിണ്ടാതിരിക്കാനാണ് നിങ്ങളുടെ പദ്ധതിയെന്ന് ചോദിക്കുകയും ചെയ്യുന്നുവെന്നും രാജിവെച്ചവരിൽ ഒരാളായ രാജിക് ഖുറേഷി പറഞ്ഞു.

മധ്യപ്രദേശിൽ രാജിവച്ച നേതാക്കളില്‍ ചിലര്‍ ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയുമായി അടുത്തബന്ധം പുലര്‍ത്തുന്നവരാണ്. സംസ്ഥാനത്തെ നേതാക്കളുടെ കൂട്ട രാജിയെ കുറിച്ച് വിജയവർഗിയയോട് ആരാഞ്ഞപ്പോള്‍, ഈ വിഷയത്തെ സംബന്ധിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും നിയമത്തെ ആരെങ്കിലും തെറ്റിദ്ധരിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾ വിശദീകരിക്കുമെന്നുമായിരുന്നു മറുപടി.