പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ പ്രതിഷേധ പരിപാടിക്കെത്തിയ കണ്ണന്‍ഗോപിനാഥിനെ തടയാന്‍ ശ്രമിച്ച് ബിജെപി പ്രവർത്തകർ

single-img
24 January 2020

പോണ്ടിച്ചേരി സർവകലാശാലയിൽ കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ബിജെപി പ്രവര്‍ത്തകര്‍. സിവിൽ സർവീസിൽ നിന്നും രാജിവെച്ച കണ്ണന്‍ ഗോപിനാഥന്‍, ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥി നേതാവ് ഐഷ റന്ന, ദല്‍ഹി യൂണിവേഴ്സിറ്റിയിലെ റനിയ സുലൈഖ തുടങ്ങിയവര്‍ പങ്കെടുത്ത പരിപാടിയാണ് ക്യാംപസിനു പുറത്തു നിന്നുള്ള ബിജെപി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട സംഘം തടസ്സപ്പെടുത്താന്‍ ശ്രമിച്ചത്.

വിദ്യാർത്ഥികള്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കായി എത്തിയ കണ്ണന്‍ ഗോപിനാഥിനെയും ഐഷ റെന്നയെയും റനിയ സുലൈഖയെയും ക്യാമ്പസിലേക്ക് കയറ്റാന്‍ സെക്യൂരിറ്റി അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ ഇടപെട്ടാണ് ഇവരെ ക്യാമ്പസിലേക്ക് പ്രവേശിപ്പിക്കുന്നത്. കണ്ണന്‍ ഗോപിനാഥ്‌ ഉള്‍പ്പെടെയുള്ള അതിഥികളെ സ്വീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ മാര്‍ച്ചിനു നേരെ ബിജെപി പ്രവര്‍ത്തകര്‍ ‘അര്‍ബന്‍ നെകസല്‍ ഗോ ബാക്ക്’ എന്ന മുദ്രാവാക്യംമുഴക്കി.

വിവരം അറിഞ്ഞ് സംഭവ സ്ഥലത്ത് പോലീസ് എത്തുകയും ബിജെപി പ്രവര്‍ത്തകരെ മാറ്റുകയും ചെയ്തു.സര്‍വകലാശാലയിലെ ഭീം സെന്റര്‍ പരിസരത്താണ് ഫ്രറ്റേര്‍ണിറ്റി മൂവ്മെന്റ് സേപ്സ് ലെസ് കലക്ടീവ് എന്നിവയുടെ നേതൃത്വത്തില്‍ സിഎഎ യ്ക്കെതിരെ പ്രതിഷേധ പരിപാടി നടന്നത്.