ഇന്ത്യയുടെ മുഖ്യാതിഥി ബ്രസീലിയൻ പ്രസിഡന്റ്; കേന്ദ്ര സര്‍ക്കാരിന്റെ റിപ്പബ്ലിക്ക് ദിനാഘോഷം ബഹിഷ്കരിക്കുമെന്ന് ബിനോയ് വിശ്വം

single-img
24 January 2020

ഈ വർഷത്തെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളിലെ മുഖ്യാതിഥിയായി ബ്രസീലിയൻ പ്രസിഡന്റ് ജെയർ മെസിയാസ് ബോൾസൊനാരോയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് സിപിഐ നേതാവും രാജ്യസഭാ എം[പിയുമായ ബിനോയ് വിശ്വം.

ഇന്ത്യൻ ജനതയെ സംബന്ധിച്ചിടത്തോളം വളരെയധികം അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അവസരമായ റിപ്പബ്ലിക്ക് ദിനാഘോഷത്തിലേക്ക് ബോൾസോനാരോയെ മുഖ്യാതിഥിയായി ക്ഷണിച്ചുവെന്നത് തനിക്ക് കടുത്ത വേദന സൃഷ്ടിച്ചതായി ബിനോയ് പ്രധാനമന്ത്രിക്ക് എഴുതിയ കത്തിൽ പറഞ്ഞു.

സ്വന്തം രാജ്യത്തിൽ വർഗീയത, സ്ത്രീവിരുദ്ധത, മനുഷ്യവിരുദ്ധത, വിവേചനം എന്നീ ആരോപണങ്ങളാൽ കളങ്കിതനായ ഒരു നേതാവിനെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനത്തിൽ മുഖ്യാതിഥിയായി ക്ഷണിച്ചത് അമ്പരപ്പിക്കുന്നുവെന്ന് ബിനോയ് വിശ്വം പറഞ്ഞു.ബ്രസീലിൽ ആമസോൺ മഴക്കാടുകൾ രണ്ട് മാസത്തിലേറെ കത്തിയപ്പോൾ നിഷ്ക്രിയനായി നോക്കിനിന്ന പ്രസിഡന്റ് ബോൾസോനാരോയെ അപലപിക്കാൻ ഇന്ത്യ തയ്യാറാകണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

ഇന്ത്യയിലെ കരിമ്പ്‌ കർഷകരെ സഹായിക്കാൻ കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ പേരിൽ ഇന്ത്യയ്ക്ക് എതിരെ ഉപരോധം ഏർപ്പെടുത്താൻ ഡബ്ല്യുടിഒയിൽ വാദിച്ചയാളാണ് ബോൾസോനാരോ. അദ്ദേഹത്തിന്റെ അങ്ങിനെയുള്ള പ്രവർത്തികൾ മോദി സർക്കാർ മറന്നതിൽ താൻ ഖേദിക്കുന്നു ബിനോയ് കത്തിൽ പറഞ്ഞു.

താൻ പ്രതിഷേധത്തിന്റെ ഭാഗമായി, 71-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പാർലമെന്റ് അംഗമെന്ന നിലയിൽ പങ്കെടുക്കാനുള്ള മോദി ഗവൺമെന്റിന്റെ ക്ഷണം നിരസിക്കുകയാണെന്ന് ബിനോയ് അറിയിച്ചു.