ഇത് ഗുജറാത്താണെന്ന് മറക്കരുത്; ആസാദി മുദ്രാവാക്യം മുഴക്കുന്നവർ രാജ്യം വിട്ട് പോകട്ടെ എന്ന് ഉപ മുഖ്യമന്ത്രി

single-img
24 January 2020

പ്രതിഷേധങ്ങളിൽ ആസാദി മുദ്രാവാക്യം വിളിക്കുന്നവർ ഇന്ത്യ വിട്ടുപോവട്ടെയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിധിൻ പട്ടേൽ. കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമത്തിൽ പ്രതിഷേധിക്കുന്നവരോട് ഇത് ഗുജറാത്താണെന്നു മറക്കരുതെന്നു അദ്ദേഹം മുന്നറിയിപ്പു നൽകി.

പ്രതിഷേധക്കാർക്ക് അവർ ആവശ്യപ്പെടുന്ന പോലുള്ള സ്വാതന്ത്ര്യമാണു വേണ്ടതെങ്കിൽ രാജ്യം വിട്ടുപോവട്ടെയെന്ന് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷികച്ചടങ്ങിൽ പ്രസംഗിക്കവേ നിധിൻ പട്ടേൽ പറയുകയായിരുന്നു.

‘ഇന്ത്യയ്ക്ക് 1947 ൽ സ്വാതന്ത്ര്യം ലഭിച്ചതാണ്. എന്നാലും ഇപ്പോഴും ചില ആളുകൾ കൂട്ടം ചേർന്ന് ആസാദി മുദ്രാവാക്യം ഉയർത്തുകയാണ്. എന്തിൽ നിന്നുമാണ് അവർക്കു സ്വാതന്ത്ര്യം വേണ്ടത്? സ്വന്തം മാതാപിതാക്കളിൽ നിന്നോ അതോ ഭർത്താക്കന്മാരിൽ നിന്നോ? അവർ എന്താണ് പറയുന്നതെന്നു മനസിലാവുന്നില്ല. അവർക്ക് ഈ രാജ്യത്ത് നിന്നാണ് സ്വാതന്ത്ര്യം വേണ്ടതെങ്കിൽ, ആവർക്കു വേണ്ടുന്ന സ്ഥലത്തേക്കു പോകാന്‍ സൗകര്യം നൽകി അതിർത്തികൾ തുറന്നിടാൻ പ്രധാനമന്ത്രിയോടു പറയേണ്ടിവരും’ എന്നും അദ്ദേഹം പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ അഹമ്മദാബാദിൽ പോലീസുകാർക്കെതിരെ ആസൂത്രിതമായ ആക്രമണങ്ങൾ നടന്നെന്നു പട്ടേൽ കുറ്റപ്പെടുത്തി. ഒരു ചാക്ക് നിറയെ പോലും കല്ല് കിട്ടാനില്ലാത്ത നഗരത്തിൽ ആക്രമണങ്ങൾക്കായി ടെറസുകൾക്കും മറ്റും മീതെ ലോറിക്കണക്കിനു കല്ലുകളായിരുന്നു ശേഖരിച്ചിരുന്നത്. ഇത് കശ്മീരല്ലെന്ന് അവർ മറന്നു പോയി.അവർ ജീവിക്കുന്നത് ഗുജറാത്തിലാണ് എന്നും പട്ടേൽ ഓർമപ്പെടുത്തി.