മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണം; നേട്ടം കൊയ്യുന്നത് അദാനി, പതഞ്ജലി ഉൾപ്പടെയുള്ള കമ്പനികൾ

single-img
24 January 2020

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം, കശ്മീർ വിഷയം എന്നിവയിൽ മോദി സർക്കാരിനെ വിമർശിച്ച പേരിൽ മലേഷ്യയിൽ നിന്ന് ശുദ്ധീകരിച്ച പാമോയിൽ ഇറക്കുമതിക്ക് കേന്ദ്രസർക്കാർ നിയന്ത്രണമേർപ്പെടുത്തിയത്തിന്റെ നേട്ടം കൊയ്യുന്നത് അദാനി, പതഞ്ജലി ഉൾപ്പടെയുള്ള കമ്പനികൾ.

ഇന്ത്യയിൽ പ്രധാനമായും ഭക്ഷ്യ എണ്ണ ഉൽപ്പാദിപ്പിക്കുന്നകമ്പനികളാണ് അദാനി വിൽമർ, പതഞ്ജലി ആയുർവേദ, ഇമാമി അഗ്രോടെക്, കാർഗിൽ, ഗോകുൽ ആഗ്രോ റിസോർസസ് തുടങ്ങിയവ. നഷ്ടത്തെ തുടർന്ന് പാപ്പരത്വ നടപടികളിലേക്ക് നീങ്ങിയ രുചി സോയ എന്ന കമ്പനിയെ ഈയടുത്താണ് പതഞ്ജലി ഏറ്റെടുത്തത്.

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പാമോയിൽ വിതരണം ചെയ്തിരുന്നതും മലേഷ്യയാണ്. രാജ്യത്തെ വിപണിയിൽ ഭക്ഷ്യ എണ്ണയുടെ ആഭ്യന്തര ഉൽപ്പാദകർക്ക് 2019 ൽ കനത്ത നഷ്ടം നേരിട്ടിരുന്നു. ജനങ്ങളിൽ പാമോയിൽ ഉപഭോഗം ഉയർന്നതോടെ ആഭ്യന്തര ഉൽപ്പാദകരുടെ വിപണി വിഹിതം 2018 ൽ 60 ശതമാനമായിരുന്നത്, 2019 ൽ 40 ശതമാനമായി കുറഞ്ഞു. കനത്ത നഷ്ടം നേരിട്ടതിനെ തുടർന്ന് ഇന്ത്യൻ ഉൽപ്പാദകർ അടച്ചുപൂട്ടൽ ഘട്ടത്തിലെത്തിയപ്പോഴാണ് കേന്ദ്രസർക്കാരും മലേഷ്യയും തമ്മിലുള്ള വ്യാപാര സൗഹൃദം മോശമായത്.