ദമ്പതികളെയും ഒരുവയസുള്ള കുട്ടിയേയും അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തി; പ്രതിയെ തെരഞ്ഞ് പോലീസ്

single-img
23 January 2020

ഒരു കുടുംബത്തിലെ ദമ്പതികളെയും കുട്ടിയേയും തീവച്ച് കൊലപ്പെടുത്തി അജ്ഞാത കൊലയാളിയുടെ കൊടുംക്രൂരത. ആദ്യം ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം തീ വയ്ക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഛത്തീസ്ഗഡ് തലസ്ഥാനമായ റായ്പൂരിലാണ് സംഭവം അരങ്ങേറിയത്. ഇവരെ തീ കൊളുത്തിയ ശേഷം മകളും കുടുംബവും കത്തിച്ചാമ്പലാവുകയാണെന്നും പറ്റുമെങ്കില്‍ രക്ഷിച്ചോളാനും അജ്ഞാത കൊലയാളി ഫോണ്‍ ചെയ്ത് പറഞ്ഞതായി മരിച്ച യുവതിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.

ഇവർ ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയും പോലീസ് സ്ഥലത്ത് എത്തുകയും ചെയ്‌തെങ്കിലും കത്തിക്കരിഞ്ഞ് മൂന്ന് മൃതദേഹങ്ങളാണ് കാണാനായത്. മഞ്ജു ശര്‍മ്മ, ഭര്‍ത്താവ് രവി ശര്‍മ്മ ഇവരുടെ കുട്ടിയുമാണ് മരിച്ചത്. ഇതിൽ മഞ്ജുവിന്‍റെ കാലകളും കൈകളും കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. ഭർത്താവായ രവി ശര്‍മ്മയെയും ക്രൂരമായി പീഡിപ്പിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്.

ദമ്പതികളുടെ ഒരുവയസുള്ള കുട്ടിയെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. പോലീസ് എത്തുമ്പോൾ വീടിനകത്ത് നിറയെ രക്തം ചിതറിയ നിലയിലായിരുന്നു. ഈ സംഭവത്തിന് പിന്നാലെ യുവതിയുടെ മുന്‍ ഭര്‍ത്താവിനെ കാണാതായിട്ടുണ്ട്. കൊലപാതകങ്ങൾ നടന്ന യുവതിയുടെ വീടിന്‍റെ വാതിലില്‍ കൊലയാളി പ്രത്യേക കുറിപ്പും പതിപ്പിച്ചിട്ടുണ്ടായിരുന്നു.

കൊലചെയ്യുന്ന യുവതിക്ക് വളരെയേറെ പുരുഷന്മാരുമായി ബന്ധമുണ്ടായിരുന്നു. അതായിരുന്നു തന്‍റെ സഹോദരന്‍റെ മരണത്തിലേക്കും നയിച്ചത് എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്. സംഭവത്തില്‍ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.