എട്ടാം ക്ലാസ് മുതലുള്ള പെൺകുട്ടികളെ സോഷ്യൽമീഡിയ വഴി കുടുക്കിയ യുവാവ് പിടിയില്‍

single-img
23 January 2020

സോഷ്യൽ മീഡിയയായ ഷെയര്‍ചാറ്റ് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. കണ്ണൂർ ജില്ലയിലെ കൊയ്യം സ്വദേശി എ വി അബ്ദുൽ വാഹിദാണ് പോലീസ് പിടിയിലായത്. ഈ മാസം 20-നാണ് പെണ്‍കുട്ടിയെ കൊളത്തൂരിലെ റബ്ബര്‍ തോട്ടത്തിലെത്തിച്ച് വാഹിദ് പീഡിപ്പിച്ചത്.

ഷെയര്‍ചാറ്റിലൂടെ പരിചയപ്പെട്ട ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സ്‌കൂളില്‍ പോകാന്‍ ബസ് കാത്തിരിക്കുന്നതിനിടെ പ്രലോഭിപ്പിച്ച് കൊളത്തൂരിലെ റബ്ബര്‍ തോട്ടത്തിലെത്തിച്ച് വാഹിദ് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുമായി ഹുസൈന്‍ കരിമ്പം എന്ന പേരിലാണ് ഇയാള്‍ ബന്ധം സ്ഥാപിച്ചത്.

പോലീസ് സൈബര്‍ സെല്ലിലൂടെ നടത്തിയ അന്വേഷണത്തിലാണ് പ്രതി വാഹിദ് ആണെന്ന് തിരിച്ചറിഞ്ഞത്. എസി മെക്കാനിക്ക് പാസായ അബ്ദുൾ വാഹിദിന്റെ വലയിൽ 46 പെൺകുട്ടികൾ കുടുങ്ങിയിട്ടുണ്ട് എന്നാണ് പോലീസിന് ലഭിച്ച വിവരം. എട്ടാം ക്ലാസ് മുതൽ മുകളിലേക്കുള്ള സ്‌കൂൾ കുട്ടികളുമായി നിരന്തരം ചാറ്റ് ചെയ്യുകയും പിന്നീട് ഇവരെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതുമായി പോലീസ് സംശയിക്കുന്നു.

അതേപോലെ തന്നെ ചില പെൺകുട്ടികളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയതായും പോലീസ് കണ്ടെത്തി. പ്ലസ്ടു പഠിക്കുന്ന വിദ്യാർഥികളാണ് കൂടുതലായി വാഹിദിന്റെ വലയിൽ വീണിട്ടുള്ളത്. ഇയാൾ മൊബൈൽ റീചാർജിങ് കേന്ദ്രങ്ങളിൽ നിന്നാണ് പെൺകുട്ടികളുടെ നമ്പർ സംഘടിപ്പിക്കുന്നത്.

ഇയാളുടെ വലയിൽ കുടുങ്ങിയ പെൺകുട്ടികളിൽ ചിലർ കണ്ണൂർ ജില്ലയ്ക്ക് പുറത്തുള്ളവരാണ്. പെൺകുട്ടികളുടെ കുടുംബവിവരങ്ങള്‍ കൂടി ശേഖരിച്ചാണ് തന്ത്രപരമായി ഇരകളെ കുടുക്കുന്നത്. തളിപ്പറമ്പ് സിഐ എന്‍കെ.സത്യനാഥന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.