ശിവസേനയെ നേരിടാന്‍ പുതിയ കാവിക്കൊടിയുമായി രാജ് ഠാക്കറെ;രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച് മകനും

single-img
23 January 2020

മഹാരാഷ്ട്രയില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങി എംഎന്‍എസ് നേതാവ് രാജ് ഠാക്കറെ. ഹിന്ദുത്വവാദത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് രാജ് ഠാക്കറെയുടെ രണ്ടാം വരവ്. രാജ് ഠാക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്)പുതിയ കൊടി അവതരിപ്പിച്ചു. കാവി നിറത്തിലുള്ളതാണ് പുതിയ കൊടി. ഗോരേഗാവിലെ നെസ്‌കോ സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചത്. ശിവസേനാ സ്ഥാപകന്‍ ബാല്‍ ഠാക്കറെയുടെ ജന്മദിനമായ ജനുവരി 23നാണ് പാര്‍ട്ടിക്ക് പുതിയ മാനം കൈവന്നതെന്നതും ശ്രദ്ധേയമാണ്.

കാവി നിറത്തിലുള്ള കൊടിയില്‍ ഛത്രപതി ശിവജിയുടെ രാജമുദ്രയും പാര്‍ട്ടിയുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. വേദിയില്‍ സവര്‍ക്കറുടെ ചിത്രം ഇടംപിടിച്ചതും ശ്രദ്ധേയമായി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് സവര്‍ക്കറുടെ ചിത്രം വേദിയില്‍ ഇടംപിടിക്കുന്നത്. രാജ് ഠാക്കറെയുടെ മകൻ അമിത് രാജ് ഠാക്കറെയുടെ രാഷ്ട്രീയ പ്രവേശനത്തിനും ചടങ്ങ് വേദിയായി. ബിജെപിയുമായി രഹസ്യധാരണയിലൂടെ സഹകരിച്ച് മുമ്പോട്ട് പോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതേതുടര്‍ന്നാണ് ശിവസേനയ്ക്ക് കനത്ത വെല്ലുവിളിയുയര്‍ത്താന്‍ എംഎന്‍എസ് രംഗത്തിറങ്ങിയിരിക്കുന്നത്.