ബിജെപിക്കെതിരെ പടയൊരുക്കം; രാജ്യവ്യാപക പര്യടനത്തിനൊരുങ്ങി രാഹുല്‍ ഗാന്ധി

single-img
23 January 2020

ന്യൂദൽഹി: പൗരത്വ ഭേദഗതി നിയമം അടക്കം മോദി സർക്കാറിന്‍റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യ വ്യാപക പര്യടനത്തിനൊരുങ്ങി രാഹുൽ ഗാന്ധി എംപി.
ജനുവരി 11ന് ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയാണ് രാഹുല്‍ഗാന്ധിയുടെ പര്യടനം സംബന്ധിച്ച് തീരുമാനം കൈകൊണ്ടത്. ജനുവരി 28ന് രാജസ്ഥാനിലെ ജയ്പൂരിൽ രാഹുലിന്‍റെ ‘യുവ ആക്രോശ് റാലി’ യോടെ പര്യടനത്തിന് തുടക്കം കുറിക്കുമെന്നാണ് റിപ്പോർട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച രാഹുല്‍ഗാന്ധി ഈ യാത്രയോടെ സജീവ രാഷ്ട്രീയത്തില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ പരാജയപ്പെട്ട സാമ്പത്തിക നയങ്ങളെയും ബി.ജെ.പിയുടെ സിഎഎ, എന്‍ആര്‍സി വിഷങ്ങളിലെ രാഷ്ട്രീയ മുതലെടുപ്പും യാത്രയില്‍ ജനങ്ങളോട് വിശദീകരിക്കും. പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ രാഹുലിന്റെ അസാന്നിദ്ധ്യം ചര്‍ച്ചയാവുന്നതിനിടെയാണ് രാജ്യവ്യാപ്കയാത്രയ്ക്ക് നേതൃത്വം നല്‍കാന്‍ അദ്ദേഹം തയാറാവുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം, സിഎഎ, എന്‍ആര്‍സി വിഷയങ്ങള്‍ പരിഗണിക്കേണ്ടതുതന്നെയാണെങ്കിലും രാജ്യത്തെ യുവാക്കളും കര്‍ഷകരും വ്യവസായികളുമടക്കമുള്ളവര്‍ നിലവില്‍ അതിരൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടതുണ്ടെന്നുമാണ് യാത്ര സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്.