അലന്റേയും താഹയുടേയും മാവോയിസ്റ്റ് ബന്ധം: മുഖ്യമന്ത്രിയെയും ജയരാജനേയും തള്ളി പി മോഹനന്‍

single-img
23 January 2020

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവില്‍ അറസ്റ്റുചെയ്ത് യുഎപിഎ ചുമത്തിയ അലനും തായ്ക്കും എതിരെ മുഖ്യമന്ത്രിയേയും പി.ജയരാജനേയും നിലപാടുകള്‍ തള്ളി സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. അലന്‍ താഹ വിഷയത്തില്‍ പഴയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നെന്നും അലന്റേയും താഹയുടേയും ഭാഗം കേട്ടിട്ടേ മാവോയിസ്റ്റുകളാണോ എന്ന് പറയാന്‍ പറ്റൂ എന്നും പി മോഹനന്‍ കോഴിക്കോട് പറഞ്ഞു.

അലനും താഹയും മാവോയിസ്റ്റ് സ്വാധീനത്തില്‍ പെട്ടോ എന്ന് പരിശോധിക്കുകയാണ്. അവര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. അവരുടെ ഭാഗം കേള്‍ക്കാന്‍ ഞങ്ങള്‍ക്ക് മുന്‍പില്‍ ഇപ്പോള്‍ ഒരു സംവിധാനവും ഇല്ല. ഇരുവരും നിരപരാധിത്വം തെളിയിച്ച് പുറത്തുവരാനാണ് ആഗ്രഹം. യു.എ.പി.എയോട് ഇപ്പോഴും താന്‍ എതിരാണെന്നും പി. മോഹനന്‍ പറഞ്ഞു.
ജയരാജന്‍ പറഞ്ഞതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണം

എസ്.എഫ്.ഐയുടെ മറവില്‍ മാവോയിസം പ്രചരിപ്പിച്ചവരാണ് അലനും താഹയും എന്നായിരുന്നു സി.പി.ഐ.എം നേതാവ് പി ജയരാജന്റെ പ്രസ്താവന. ഇരുവരും മാവോയിസ്റ്റുകളാണെന്ന് വ്യക്തമായിട്ടുണ്ടെന്നും കൂടുതൽ പരിശോധന ആവശ്യമില്ലെന്നും മുഖ്യമന്ത്രി നേരത്തെ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

എന്നാല്‍ സിപിഎമ്മിന്റെ ഔദ്യോഗിക നിലപാടുകള്‍ക്കെതിരെ മുഖ്യമന്ത്രിയെ വരെ തള്ളിപ്പറഞ്ഞ് ജില്ലാ സെക്രട്ടറി രംഗത്തുവന്നത് പാട്ടി ജില്ലാഘടകത്തിലും പ്രാദേശിക തലത്തിലും ഇരുവര്‍ക്കുമെതിരെ യുഎപിഎ ചുമത്തിയതില്‍ കടുത്ത പ്രതിഷേധംതന്നെ നിലനില്‍ക്കുന്നുവെന്നാണ് വ്യക്തമാകുന്നത്.