സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധയേറ്റതായി സ്ഥിരീകരണം

single-img
23 January 2020

കോട്ടയം: ചൈനയില്‍ പടര്‍ന്നുപിടിച്ച കൊറോണ വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് പടരുന്നുവെന്ന വാർത്തകൾക്കിടെ സൗദിയിൽ മലയാളി നഴ്സിന് അണുബാധയേറ്റതായി സ്ഥിരീകരണം. കോട്ടയം ഏറ്റുമാനൂർ സ്വദേശിനിക്കാണ് വൈറസ് ബാധയേറ്റത്.

സൗദിയിൽ അൽ ഹയാത് നാഷണല്‍ ഹോസ്പിറ്റലില്‍ കൊറോണ വൈറസ് ബാധിച്ച ഫിലിപ്പെയിന്‍ യുവതിയെ പരിചരിച്ച നഴ്‌സുമാരില്‍ ഒരാളാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി യുവതി. മുന്‍കരുതലെന്നോണം ഇവിടെ 30 ഓളം നഴ്‌സുമാര്‍ നിരീക്ഷണത്തിലാണ്.

രോഗബാധിതയെ ശുശ്രൂശിച്ച നഴ്സിന് രോഗം പിടിപ്പിട്ടത് കാരണം ആശുപത്രി ജീവനക്കാരും ആശങ്കയിലാണ്. രോഗം പകരുമെന്ന ഭയത്തിൽ പലരും ആശുപത്രിയിലേക്ക് വരാനും തയാറാകുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.
അതേസമയം ഇവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ വൈറസ് ബാധയ്ക്കുള്ള ചികിത്സ ഇല്ലെന്നും രോഗികളെ മറ്റ് ആശുപത്രിയിലേക്ക് മാറ്റാൻ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും അരോപണമുണ്ട്.

നഴ്സിംഗ് മേഖലയില്‍ ജോലിചെയ്യുന്നതടക്കം പ്രവാസി മലയാളികളെ ആശങ്കപ്പെടുത്തുന്നതാണ് സൗദിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

കൊറോണ ബാധയേറ്റ് ചൈനയില്‍ പതിനേഴ് പേരാണ് മരിച്ചത്. അഞ്ഞൂറിലധികം ആളുകൾക്ക് വൈറസ് ബാധയേറ്റെന്നും റിപ്പോർട്ടുണ്ട്. 2197 പേരാണ് വൈറസ് ബാധ സംശയിച്ച് നിരീക്ഷണത്തില്‍ കഴിയുന്നത്. വൈറസിന്റെ പ്രഭവ കേന്ദ്രമായ ബുഹാന്‍ നഗരത്തില്‍ പൊതുഗതാഗത സംവിധാനം പൂര്‍ണ്ണമായും നിര്‍ത്തി വെച്ചിരിക്കുകയാണ്. ആളുകളോട് പുറത്തിറങ്ങരുതെന്നും നിര്‍ദേശമുണ്ട്.