ഭരണഘടനയെയും നിയമങ്ങളേയും സംരക്ഷിക്കലാണ് എന്‍റെ ജോലി, അത് നിര്‍വഹിക്കും: ഗവർണർ

single-img
23 January 2020

ജനാധിപത്യസംവിധാനമാകുമ്പോൾ അഭിപ്രായഭിന്നതകള്‍ സ്വാഭാവികമാണെന്നും അങ്ങിനെ ഉണ്ടായാൽ അവ ചര്‍ച്ചയിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും കേരള ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്‍. കേന്ദ്ര സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം സംബന്ധിച്ചുള്ള എല്ലാ കേസുകളും തീരുമാനിക്കേണ്ടത് സുപ്രീംകോടതിയാണ്. അത് അന്തിമമായി സുപ്രീംകോടതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പാർലമെന്‍റും സംസ്ഥാന നിയമസഭയും ചെയ്യേണ്ട കാര്യങ്ങൾ രണ്ടും രണ്ടാണ്. അതുകൊണ്ടു തന്നെ ഇരുസഭകളും പരസ്പരം അധികാരപരിധി ലംഘിക്കാന്‍ പാടില്ല.നിലവിലെ പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും സംസ്ഥാന നിയമസഭയ്ക്ക് തീരുമാനിക്കാവതല്ല. അതിനുള്ള അധികാരം കേന്ദ്രം മാത്രമാണ്.

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമം കേരളത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ല എന്നുണ്ടെങ്കിൽ, അതേക്കുറിച്ച് ഒരു പ്രമേയം പാസ്സാക്കാൻ ഉദ്ദേശിക്കുന്നു എന്നുണ്ടെങ്കിൽ, ഇപ്പോഴുള്ള നിയമം സസ്പെൻഡ് ചെയ്യണമായിരുന്നു. അതിന് ശേഷം പ്രമേയം പാസ്സാക്കണമായിരുന്നു. അങ്ങനെയല്ലാതെ ചെയ്തത് ഭരണഘടനാ വിരുദ്ധമാണ് – ഗവര്‍ണര്‍ വ്യക്തമാക്കി.

രാജ്യത്തിന്റെ ഭരണഘടനയും നിയമങ്ങളും സംരക്ഷിക്കലാണ് എന്‍റെ ജോലി. അതു താന്‍ നിര്‍വഹിക്കും. ഇന്ത്യൻ രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കേണ്ടത് തന്‍റെ കടമയാണ്. തലസ്ഥാനത്തെ രാജ് ഭവന് മുന്നില്‍ പ്രതിഷേധത്തിനെത്തിയവരെയെല്ലാം താന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. പക്ഷെ അവരാരും വന്നില്ല – ആരിഫ് മൊഹമ്മദ് ഖാന്‍ പറഞ്ഞു. താൻ കേന്ദ്രസര്‍ക്കാരിന്‍റെ പ്രതിനിധിയല്ല. ഇന്ത്യന്‍ രാഷ്ട്രപതിയുടെ പ്രതിനിധിയാണ്. എന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു.