നേപ്പാളില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ദില്ലിയിലെത്തിച്ചു; രാത്രിയോടെ നാട്ടിലേക്ക്

single-img
23 January 2020

ദില്ലി: നേപ്പാളില്‍ മരിച്ചവരില്‍ തിരുവനന്തപുരം സ്വദേശികളായ മലയാളികളെ ദില്ലിയില്‍ എത്തിച്ചു.ഇന്ന് രാത്രിയോടെ തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ അഞ്ച് പേരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിക്കുക. അതേസമയം, കോഴിക്കോട് കുന്ദമംഗലം സ്വദേശികളുടെ മൃതദേഹങ്ങള്‍ നാളെയാകും നാട്ടിലെത്തിക്കുക.രാവിലെ 11.30 ന് കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് തിരുവനന്തപുരം ചെങ്കോട്ടുകോണം സ്വദേശികളായ പ്രവീണ്‍കുമാര്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീ ഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചത്. വൈകീട്ട് ആറ് മണിക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ടു പോകും.

കോഴിക്കോട് സ്വദേശികളുടെ മൃതദേഹം വൈകിട്ട് 3.45 നാണ് കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടുക. ഇന്ന് ഡല്‍ഹിയില്‍ സൂക്ഷിക്കുന്ന കോഴിക്കോട് സ്വദേശികളുടെ മൃതദേഹം നാളെ രാവിലെ ഒന്‍പത് മണിക്ക് നാട്ടിലേക്ക് കൊണ്ട് പോകും. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് മൃതദേഹങ്ങള്‍ കൊണ്ട് പോകുന്നത് ഇങ്ങനെ നിശ്ചയിച്ചത്.