പട്ടാപ്പകല്‍ പൊലീസിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി; യുവാക്കള്‍ അറസ്റ്റില്‍

single-img
23 January 2020

കൊച്ചി: മറൈന്‍ ഡ്രൈവിന് സമീപം പൊലീസിനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി യുവാക്കള്‍. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ സമയത്താണ് സംഭവം നടന്നത്.മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നു. മൂവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

നാല് യുവാക്കള്‍ റോഡില്‍ പരസ്പരം വഴക്കടിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സുധീറും സംഘവും സ്ഥലത്തെത്തി. പിടിച്ചു മാറ്റാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ കയ്യിലുണ്ടായിരുന്ന കത്തി എഎസ്‌ഐക്കു നേരെ വീശുകയായിരുന്നു. തുടര്‍ന്ന് ഏറെ പ്രയ്ത്നിച്ച്‌ മൂന്നു പേരെ പിടികൂടുകയായിരുന്നു.

അല്‍ത്താഫ് മുഹമ്മദ്, മുളവു കാട് വലിയ പറമ്ബില്‍ ബ്രയാന്‍ ആദം, ഇളങ്ങുളം കുളങ്ങരത്തറ വിശാല്‍ ബോബന്‍ എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേര്‍ക്കും 20 വയസ്സില്‍ താഴെയാണ് പ്രായം.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഒരാളെ കൂടി പിടികിട്ടാനുണ്ട് .