ഇന്ത്യയുടെ ആദ്യ മനുഷ്യ റോബോട്ട് ‘വ്യോമമിത്ര’ ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നു

single-img
22 January 2020

ഇന്ത്യയുടെ ആദ്യ മനുഷ്യ റോബോട്ട് വ്യോമമിത്രയെ ഇന്ന്ഐഎസ്ആർഓ അനാച്ഛാദനം ചെയ്തു.ഐഎസ്ആർഓ മേധാവി കെ ശിവനാണ് വ്യോമിത്രയെ ലോകത്തിന് പരിചയപ്പെടുത്തിയത്. ഐസ്ആർഓ സ്വന്തമായി വികസിപ്പിച്ചെടുത്ത വനിതാ മനുഷ്യ റോബോട്ട് ആണ് വ്യോമമിത്ര.

ഇതിന് മനുഷ്യനെ പോലെ സംസാരിക്കാനും, അനുകരിക്കാനും ഈ മനുഷ്യ റോബോട്ടിന് കഴിയും.രാജ്യത്തിന്റെ ആദ്യ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിന്‍റെ ഭാഗമാകുക എന്നതാണ് വ്യോമമിത്രയുടെ ദൗത്യം. മനുഷ്യ റോബോട്ടിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് ആണ് ഐഎസ്ആർഓ ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

ഇതിന് പക്ഷെ കാലുകളില്ലാത്തതിനാൽ ഇതിനെ അർദ്ധ ഹ്യൂമനോയിഡ് എന്നാണ് ഐഎസ്ആർഓ മേധാവി കെ ശിവൻ വിശേഷിപ്പിച്ചത്. അതുകൊണ്ടുതന്നെ വശങ്ങളിലേക്കും മുന്നിലേക്കും വളയാൻ മാത്രമേ കഴിയൂ. ഇന്ത്യയുടെ ഗഗന്‍യാന്‍ മിഷന് മുന്‍പായി ചില പരീക്ഷണങ്ങള്‍ നടത്തുക എന്നതാണ് വ്യോമിത്രയിലൂടെ ഇസ്രോ ലക്ഷ്യമിടുന്നത്. അതിനുവേണ്ടി ബഹിരാകാശയാത്രികരെ അയയ്ക്കുന്നതിന് മുന്‍പായി വ്യോമിത്ര ബഹിരാകാശത്തേയ്ക്ക് യാത്രയാവും. റോബോട്ടിലൂടെ പരീക്ഷണങ്ങൾ നടത്തിയശേഷം മാത്രമേ ഇന്ത്യ ബഹിരാകാശയാത്രികരെ അയയ്ക്കൂ.

ഏത് സമയവും ഇസ്രോ കമാൻഡുമായി സമ്പർക്കം പുലര്‍ത്താനും മനുഷ്യനെ പോലെ സംസാരിക്കാനും, ബഹിരാകാശത്ത് മനുഷ്യർ ചെയ്യുന്നതെല്ലാം അനുകരിക്കാനും മനുഷ്യറോബോട്ടായ വ്യോമമിത്രയ്ക്ക് കഴിയും. 2022 ഓടെയായിരിക്കും ആദ്യ ബഹിരാകാശ യാത്രികനെ യാത്രയാക്കാനുള്ള ദൗത്യംനടത്തുക. അതിനു മുൻപായി രണ്ട് ആളില്ലാ ദൗത്യങ്ങൾ നടത്തും.

അതിൽ ഒന്ന് ഈ വർഷം ഡിസംബറിലും മറ്റൊന്ന് 2021 ജൂണിലുമായിരിക്കും. 2022ലെ മിഷനായി 4 പേരെ ഗഗന്‍യാന്‍ മിഷനായി തിരഞ്ഞെടുത്തതായും ഉടന്‍ തന്നെ അവര്‍ പരിശീലനത്തിനായി റഷ്യയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.