പൗരത്വ ഭേദഗതി നിയമത്തില്‍ സ്‌റ്റേയില്ല; വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും തെരുവിലേക്ക്

single-img
22 January 2020

പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ഹർജികൾ പരിഗണിക്കവെ നിയമത്തില്‍ സ്‌റ്റേയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിൽ ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ച് തെരുവിലിറങ്ങി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളായ അസം, നാഗാലന്‍ഡ്, മേഘാലയ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് സര്‍വ്വകലാശാല, കോളേജ് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധ സമരത്തില്‍ പങ്കാളികളായത്.

സർവകലാശാലാ- കോളേജ് ക്ലാസ്സുകള്‍ ബഹിഷ്‌ക്കരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ ചിലയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നിരാഹാര സമരവും നടത്തി. ഇന്ത്യയിൽ പൗരത്വ നിയമം പ്രാബല്യത്തിൽ വന്നെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച് പ്രതിഷേധിക്കുകയാണെന്ന് ഗുവാഹത്തി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയന്‍ ജനറല്‍ സെക്രട്ടറി മൂണ്‍ താലൂക്ക്ദാര്‍ പറഞ്ഞു. വടക്കുകിഴക്കന്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി ഐക്യവേദിയുടെ ബാനറിലാണ് ക്ലാസുകളുടെ സമ്പൂര്‍ണ്ണ ബഹിഷ്‌ക്കരണ സമരം നടത്തിയത്.

പ്രധാന സർവകലാശാലകളായ ഗുവാഹത്തി, കോട്ടണ്‍ സര്‍വകലാശാല, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഹില്‍ യൂണിവേഴ്‌സിറ്റി, ദിബ്രുഹര്‍ യൂണിവേഴ്‌സിറ്റി, തേസ്പൂര്‍ യൂണിവേഴ്‌സിറ്റി, ആസാം വുമണ്‍ യൂണിവേഴ്‌സിറ്റി, നാഗാലന്‍ഡ് യൂണിവേഴ്‌സിറ്റി, രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി, ആസാം അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എന്നിവയെല്ലാം ഇതിൽ ഭാഗമായി.